ജില്ലയുടെ പടിഞ്ഞാറൻമേഖലയിൽ പൊടിവിതയ്ക്കു തയാറെടുപ്പ് തുടങ്ങി
1416116
Saturday, April 13, 2024 1:29 AM IST
പട്ടാന്പി: കൊയ്ത്തു കഴിഞ്ഞ പാടങ്ങളിൽ പൊടിവിതയ്ക്കുളള തയ്യാറെടുപ്പുകൾ തുടങ്ങി. പൊടിവിത നടത്താത്ത പാടങ്ങളും ഇപ്പോൾ ട്രാക്ടർ ഉപയോഗിച്ച് ഉഴുത് തയ്യാറാക്കുന്നുണ്ട്. ഇനി മേടമാസത്തിൽ ലഭിക്കുന്ന മഴയോടെ പാടങ്ങളിൽ പൊടി വിത നടത്തും. നേരത്തെ വേനൽ മഴ ലഭിക്കുന്പോഴായിരുന്നു പാടങ്ങൾ ഉഴുതുമറിച്ച് തയ്യാറാക്കുന്നത്. ഇത്തവണ മഴ ലഭിക്കാതിരുന്നിട്ടും പാടങ്ങൾ ഉഴുത് മറിക്കുന്നുണ്ട്. ഇതോടൊപ്പം വളപ്പൊടിയും ചേർക്കുന്നുണ്ട്.
കേരളത്തിൽ ഏറ്റവും ചൂട് അനുഭവപ്പെടുന്ന ജില്ലയാണ് പാലക്കാട്. ജില്ലയുടെ പടിഞ്ഞാറൻ മേഖലയിൽ രാവിലെ ഏഴു കഴിഞ്ഞാൽ വൈകുന്നേരം വരെ ചൂടാണ്.
ഒരു വേനൽ മഴ കുംഭത്തിൽ ലഭിക്കുമെന്ന് പ്രതീക്ഷിച്ചെങ്കിലും കുംഭം 30 കഴിഞ്ഞിട്ടും ഉണ്ടായിട്ടില്ല. നേരത്തെ കുംഭം കഴിഞ്ഞ് മീനം പിറന്നതോടെയാണ് പാടങ്ങൾ ഉഴുതു മറിക്കാൻ തുടങ്ങിയിരുന്നത്. എന്നാൽ പടിഞ്ഞാറൻ മേഖലകളിൽ മുൻ വർഷങ്ങളെ അപേക്ഷിച്ച് ശക്തമായ ചൂടാണ് അനുഭവപ്പെടുന്നത്. അടുത്ത വേനൽമഴ ലഭിക്കുന്നതോടെ വീണ്ടും ഉഴുതുമറിച്ച് വളപ്പൊടികളും മറ്റും ഇട്ട് പൊടിവിതയ്ക്കായി തയ്യാറാക്കും. മേടമാസത്തിൽ ലഭിക്കുന്ന നല്ല മഴയോടെ പടിഞ്ഞാറൻ മേഖലയിൽ പൊടിവിത തുടങ്ങും.
കാലാവസ്ഥ അനുകൂലമായാൽ സാധാരണ വിഷുവിന് മുന്പ് പൊടിവിത നടത്താറാണ് പതിവ്. മൂപ്പ് കൂടിയ പഴയ ഇനം വിത്തായ ചേറ്റാടിയാണ് പൊടിവിതയ്ക്കായി കർഷകർ ഉപയോഗിക്കുന്നത്. വെളളംകെട്ടി നിൽക്കുന്ന സ്ഥലങ്ങളിലാണ് സാധാരണ പൊടിവിത നടത്തുന്നത്. ഇത്തരത്തിൽ പൊടി വിത നടത്തുന്ന പാടങ്ങളിൽ നെൽച്ചെടികൾ ഓല വലുതായാൽ മൂന്ന് തവണ വെട്ടി നീക്കേണ്ടതുണ്ട്. സാധാരണ കർഷക തൊഴിലാളികളാണ് ഓല വെട്ടാറുളളത്. ഇപ്പോൾ പുല്ല് വെട്ട് മിഷൻ ഉപയോഗിച്ചാണ് ഓല വെട്ടുന്നത്.