വടക്കഞ്ചേരി ടൗണിലെ ട്രാഫിക് സംവിധാനം കുറ്റമറ്റതാക്കണം: വ്യാപാരികൾ
1415894
Friday, April 12, 2024 1:30 AM IST
വടക്കഞ്ചേരി: നാഥനില്ലാത്ത വിധമുള്ള വടക്കഞ്ചേരി ടൗണിലെ ട്രാഫിക് സംവിധാനം പുനഃക്രമീകരിക്കണമെന്ന ആവശ്യവുമായി വ്യാപാരികൾ.
ഒരു ഡസനിലേറെ ലൈസൻസുകളുമായി നിയമാനുസൃതം കച്ചവടം നടത്തുന്ന വ്യാപാരികളെ ഇല്ലായ്മ ചെയ്യും വിധം വഴിയോരക്കച്ചവടക്കാരെ പ്രോത്സാഹിപ്പിച്ചും അനധികൃത പാർക്കിംഗിനെതിരെ കണ്ണടച്ചുമുള്ള അധികാരികളുടെ സമീപനത്തിനെതിരെയാണ് വ്യാപാരികൾ രംഗത്തുവരുന്നത്.
വേനലവധി കഴിഞ്ഞ് സ്കൂളുകൾ തുറക്കും മുന്പേ ട്രാഫിക് റഗുലേറ്ററി കമ്മിറ്റി വിളിച്ചുകൂട്ടി വ്യാപാരികൾക്കും ടൗണിൽ എത്തുന്ന ജനങ്ങൾക്കും സൗകര്യപ്രദമായ രീതിയിൽ ട്രാഫിക് സംവിധാനം കൊണ്ടുവരണമെന്നാണ് ആവശ്യം.
യാത്രക്കാരുടെ സൗകര്യത്തിനായി ടൗണിലൂടെ ടൂ വേ ബസ് സർവീസ് നടപ്പാക്കാൻ കഴിയുമെങ്കിൽ അതും ആലോചിക്കണം.
ടൗണിലെ സ്റ്റോപ്പുകൾ കുറച്ച് അത് നടപ്പിലാക്കാൻ കഴിയും. ടൗൺ റോഡ് നിറയെ ഓട്ടോറിക്ഷ സ്റ്റാൻഡുകളാണിപ്പോൾ. ഓട്ടോറിക്ഷകൾക്ക് നിശ്ചിത സ്ഥലങ്ങളിൽ മാത്രം സ്റ്റാൻഡ് നിജപ്പെടുത്തണം.
പുതിയതായി വരുന്ന കടകൾക്ക് മുന്നിലെല്ലാം ഓട്ടോറിക്ഷകൾ നിർത്തിയിട്ട് പിന്നീട് അത് ഓട്ടോസ്റ്റാൻഡാണെന്ന് വരുത്തി തീർക്കുന്ന തന്ത്രങ്ങൾ തടയണം. ടൗണിൽ പെർമിറ്റ് ഇല്ലാതെ ഓടുന്ന ഓട്ടോറിക്ഷകൾക്കെതിരെ നടപടി എടുക്കണം. ടൗൺ റോഡിൽ ചുറ്റി കറങ്ങുന്ന ഓട്ടോറിക്ഷകളും നിരവധിയുണ്ട്.
കടയിൽ വരുന്നവരുടെ ഇരുചക്രവാഹനം പോലും നിർത്താൻ ഇടമില്ലാത്ത വിധമാണ് ഇപ്പോൾ കോ-ഒാപ്പറേറ്റീവ് ബാങ്ക് മുതൽ തങ്കം ജംഗ്ഷൻ വരെ ഓട്ടോറിക്ഷകൾ നിരയായി കിടക്കുന്നത്. ആരതി ജംഗ്ഷനിൽ ഓട്ടോറിക്ഷകൾക്കിടയിലാണ് പാലക്കാട് ഭാഗത്തേക്കുള്ള ബസുകൾ നിർത്തി യാത്രക്കാരെ ഇറക്കുന്നതും കയറ്റുന്നതും.
ഇത് പലപ്പോഴും അപകടങ്ങൾക്കും കാരണമാകുന്നുണ്ട്. മറ്റു വാഹനങ്ങളുടെ അനധികൃത പാർക്കിംഗും ടൗണിൽ വ്യാപകമായിട്ടുണ്ട്.
ആർക്കും എവിടെയും വാഹനം നിർത്തി പോകാമെന്ന സ്ഥിതിയാണ്.
തിരക്കേറിയ ടൗണിൽ മത്സ്യവിൽപ്പന വരെ നടക്കുന്നു. പെട്ടിഓട്ടോ ടൗണിൽ നിർത്തിയിട്ടാണ് ഈ കച്ചവടം.
ടൗൺ ബസാർ റോഡ് നവീകരണം പൂർത്തിയായി കാലമേറെ പിന്നിട്ടിട്ടും യാത്രക്കാർക്ക് നടക്കാൻ ടൗൺ റോഡിൽ വഴിയില്ല. വഴിയോര കച്ചവടക്കാരെ പുനരധിവസിപ്പിക്കുമെന്ന് പറഞ്ഞാണ് ഫുട്പാത്തുകൾ ടൈൽസ് വിരിച്ച് ഹാൻഡ് റെയിൽ സ്ഥാപിച്ചത്. എന്നാൽ പല ഭാഗത്തും കച്ചവടക്കാരുടെ സൗകര്യങ്ങൾക്കായി ഫുട്പാത്തുകൾ ഹാന്റ് റെയിൽ സ്ഥാപിക്കാതെ ഒഴിച്ചിട്ടിരിക്കുകയാണ്.
ടൗണിൽ സ്ഥിരമായി ഓട്ടോ നിർത്തിയിട്ടുള്ള കച്ചവടങ്ങളും തകൃതിയാണ്.