കുന്നിലെ വാച്ച്ടവർ സംരക്ഷിക്കണം
1415663
Thursday, April 11, 2024 12:59 AM IST
മംഗലംഡാം: മംഗലംഡാം നക്ഷത്രബംഗ്ലാകുന്നിലെ വാച്ച്ടവർ ജീർണാവസ്ഥയിൽ. ടവറിന്റെ കുറെ ഭാഗങ്ങളെല്ലാം തകർന്നതോടെ പഴയ പ്രതാപവും പ്രൗഢിയും വാച്ച്ടവറിന് നഷ്ടമായി.
മംഗലംഡാം സ്രോതസായുള്ള കുടിവെള്ള പദ്ധതിയുടെ പ്രധാന ജലസംഭരണികൾ നിർമിക്കുന്നത് ഈ ബംഗ്ലാകുന്നിലാണ്. പദ്ധതിയുടെ പ്രധാന ജലശുചീകരണശാല ഇതിനോടു ചേർന്നാണ് നിർമാണം പൂർത്തിയാകുന്നത്.
സംരക്ഷണവും അടിയന്തിര അറ്റകുറ്റപ്പണികളും ഇല്ലെങ്കിൽ വൈകാതെ തന്നെ ഈ വാച്ച് ടവർ തകർന്നുവീഴുമെന്ന നിലയിലാണിപ്പോൾ.
65 വർഷം മുമ്പ് ഡാമിന്റെ നിർമാണം പൂർത്തിയായി കമ്മീഷൻ ചെയ്യുമ്പോൾ റിസർവോയറിന്റെ ദൂരവീക്ഷണത്തിനായി പണിതതായിരുന്നു കുന്നിൻ പുറത്തെ ഈ നിരീക്ഷണ നിലയം.
മംഗലംഡാം കാണാനെത്തുന്ന സഞ്ചാരികളെല്ലാം ചുഴി പോലെ വളഞ്ഞു തിരിഞ്ഞ ഈ വാച്ച്ടവറിലെ കോണിപ്പടികൾ കയറി മുകളിലെത്തി കാഴ്ചകൾ ആസ്വദിക്കുന്നത് ഇപ്പോൾ ഇല്ലാതായി.
ഡാമിന്റെ ഷട്ടർ ഭാഗത്തുനിന്നും നിരവധി പടികൾ കയറി വേണം വാച്ച്ടവറിലെത്താൻ. ഇവിടേക്ക് വാഹനം എത്താവുന്ന റോഡുമുണ്ട്. എന്നാൽ വാഹനങ്ങൾ കടത്തി വിടാത്തതിനാൽ പടികൾ കയറിത്തന്നെ വേണം മുകളിലെത്താൻ.
ഡാമിന്റെ പ്രതാപകാലം ഓർമിക്കാനെങ്കിലും ശേഷിക്കുന്ന ഈ ടവറെങ്കിലും സംരക്ഷിക്കണമെന്ന ആവശ്യമാണ് ശക്തമായിട്ടുള്ളത്.