നെല്ലുസംഭരണ നടപടികൾ ആരംഭിച്ചില്ല ! സൂക്ഷിക്കാൻ ബുദ്ധിമുട്ടി കർഷകർ
1397288
Monday, March 4, 2024 1:12 AM IST
നെന്മാറ : രണ്ടാംവിള കൊയ്ത്ത് 70 ശതമാനത്തോളം ആയിട്ടും നെല്ലുസംഭരണ നടപടികൾ ആരംഭിച്ചിട്ടില്ല.
സപ്ലൈകോ സൈറ്റിൽ രണ്ടുമാസം മുമ്പ് ആരംഭിച്ച രജിസ്ട്രേഷൻ നടപടികൾ മാത്രമാണ് നാളിതുവരെയായി തുടങ്ങിയിട്ടുള്ളത്. 70 ശതമാനം പാടശേഖരങ്ങളിലും കൊയ്ത്തു പൂർത്തിയായിട്ടും മില്ലുകളുമായുള്ള പ്രാഥമിക ചർച്ച പോലും സർക്കാരും സപ്ലൈകോയും ആരംഭിച്ചിട്ടില്ല.
നെല്ല് പരിശോധിക്കുവാനും അളവ് തിട്ടപ്പെടുത്താനുമുള്ള ഫീൽഡ് സ്റ്റാഫിന്റെ കാര്യവും തീരുമാനമായില്ല. സപ്ലൈകോയുടെ താൽക്കാലിക ജീവനക്കാരെ കൂടാതെ കൃഷിവകുപ്പിൽ നിന്നും നെല്ല് പരിശോധിച്ചാൽ കൃഷി അസിസ്റ്റന്റുമാരെ നിയമിക്കാനുള്ള നടപടിയും ആരംഭിക്കാത്തത് കർഷകരിൽ ആശങ്ക ഉളവാക്കി.
മില്ലുകളുമായുള്ള ചർച്ചകൾ പൂർത്തിയാക്കിയാലേ ഉത്പാദക സമിതികൾക്ക് മില്ലുകൾ അനുവദിച്ച് സപ്ലൈകോ നടപടി ആരംഭിക്കുകയുള്ളൂ. കൊയ്ത്ത് പൂർത്തിയായ കർഷകർ നെല്ല് ഉണക്കി സൂക്ഷിച്ചു തുടങ്ങി. സ്വന്തം ചെലവിൽ പ്ലാസ്റ്റിക് ചാക്കുകൾ വാങ്ങി നെല്ലു നിറച്ച് വീടിനു സമീപത്തും കളപ്പുരകളിലും അടുക്കി പ്ലാസ്റ്റിക് ഷീറ്റും മറ്റും ഇട്ട് സൂക്ഷിച്ചിരിക്കുകയാണ്.
നെല്ല് സംഭരണം എന്ന് ആരംഭിക്കും എന്ന് അറിയിപ്പ് ലഭിക്കാത്തതിനാൽ ബഹുഭൂരിപക്ഷം കർഷകരും ഒരു മാസത്തിലേറെയായി കാത്തിരിപ്പ് തുടങ്ങിയിട്ട്.
തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചാൽ പാഡി മാർക്കറ്റിംഗ് ഓഫീസർമാരെയും അസിസ്റ്റന്റുമാരെയും നിയമിക്കുന്നതിന് പെരുമാറ്റച്ചട്ടം തടസമാകുമോ എന്ന ആശങ്കയും കർഷകർ പങ്കുവെച്ചു.
ഒന്നാം വിള സംഭരണ സമയത്തുണ്ടായിരുന്ന മാർക്കറ്റിംഗ് ഓഫീസർമാരും അസിസ്റ്റന്റുമാരും സ്ഥലംമാറ്റം, ഡെപ്യൂട്ടേഷൻ പൂർത്തിയാക്കി മാതൃ ഓഫീസുകളിലേക്ക് തിരികെ പോയിരിക്കുകയാണ്.
ഒന്നാം വിളയ്ക്ക് സംഭരിച്ച നെല്ലിന്റെ വില കർഷകർക്ക് ഇനിയും പൂർണമായി കൊടുത്തട്ടില്ല.
ഒന്നാം വിളയിൽനിന്ന് വ്യത്യസ്തമായി കേന്ദ്രസർക്കാർ പ്രഖ്യാപിച്ച അധിക വില സംസ്ഥാനം കൊടുക്കുമോ എന്ന കാര്യത്തിലും തീരുമാനമായിട്ടില്ല. നെല്ലിന്റെ വില പിആർഎസ് വായ്പ എന്ന നയം ഒഴിവാക്കി കർഷകർക്ക് ലോൺ ബാധ്യത ഇല്ലാതെ വില ലഭിക്കണമെന്നാണ് കർഷകരുടെ ആവശ്യം.