തെരഞ്ഞെടുപ്പ് പ്രചാരണ തന്ത്രങ്ങൾ അണിയറയിൽ കൊഴുക്കുന്നു
1396403
Thursday, February 29, 2024 6:48 AM IST
പാലക്കാട്: ഇരുമുണണികളേക്കാള് മുന്‍പേ സ്ഥാനാര്‍ഥി പ്രഖ്യാപനം നടത്തി സിപിഎം ജില്ലയില്‍ ലോകസഭാ തെരഞ്ഞടുപ്പ് പ്രചാരണരംഗത്തു സജീവമായി.
കഴിഞ്ഞ തെരഞ്ഞടുപ്പില്‍ കൈവിട്ട പാലക്കാട്, ആലത്തൂര്‍ ലോകസഭാ മണ്ഡലങ്ങള്‍ തിരിച്ചുപിടിക്കാന്‍ കരുത്തരായ രണ്ട് സ്ഥാനാര്‍ഥികളെയാണ് സിപിഎം കളത്തിലിറക്കിയിരിക്കുന്നത്.
1989ല്‍ സിറ്റിംഗ് എംപിയായ വി.എസ്. വിജയരാഘവനെ പരാജയപ്പെടുത്തി പാലക്കാട് മണ്ഡലത്തിന്റെ ജനപ്രതിനിധിയായ നേതാവാണു എ. വിജയരാഘവന്.
സംസ്ഥാന നേതാവായ എ. വിജയരാഘവന് പാലക്കാട്ടുകാര്‍ക്ക് സംബന്ധിച്ചിടത്തോളം സുപരിചിതനാണ്. 1991ലെ തെരഞ്ഞടുപ്പിൽ വി.എസ്. വിജയരാഘവനോടു തോറ്റശേഷം പാലക്കാട് മത്സരിച്ചിട്ടില്ല. എന്നാല്‍ ഏറെക്കാലമായി കോട്ടയായി സിപിഎം കൈവശം സൂക്ഷിച്ച മണ്ഡലം കഴിഞ്ഞ തവണ നഷ്ടപ്പെട്ടതു തിരിച്ചു പിടിക്കാനുളള നിയോഗമാണ് പാര്‍ട്ടി വിജയരാഘവനെ ഏല്‍പ്പിച്ചിരിക്കുന്നത്. സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചതോടെ പാലക്കാട് മണ്ഡലത്തില്‍ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍ പ്രവര്‍ത്തനത്തിനു തുടക്കമിട്ടു.
അതേസമയം വി.കെ. ശ്രീകണ്ഠനും സി. കൃഷ്ണകുമാറും യഥാക്രമം യുഡിഎഫ്, എന്‍ഡി എ സ്ഥാനാര്ഥികളാവുമെന്നു പറയപ്പെടുന്നുണ്ടെങ്കിലും പാർട്ടി സ്ഥിരീകരണം വന്നിട്ടില്ല.
സ്ഥാനാര്‍ഥിയെ പ്രഖ്യാപിക്കാത്തതിനാല്‍ ഇരുമുന്നണികളും പ്രചാരണ രംഗത്തു സജീവമായിട്ടില്ല. ഇടതിന്റെ ഇളകാത്ത കോട്ടയെന്നു അറിയപ്പെടുന്ന ആലത്തൂരില്‍ കഴിഞ്ഞ തവണ കോണ്‍ഗ്രസിലെ പുതുമുഖമായ രമ്യഹരിദാസ് പാട്ടുപാടിയാണ് രണ്ടുതവണ എം പിയായിരുന്ന സിപിഎമ്മിലെ പി.കെ. ബിജുവിനെ മൂന്നാം അങ്കത്തില്‍ പരാജയപ്പെടുത്തിയത്. സംസ്ഥാനത്ത് സിപിഎമ്മിനു മുഴുവന്‍ സീറ്റ് നഷ്ടപ്പെട്ടാലും ആലത്തൂര്‍ കൈവിടില്ലെന്ന വിശ്വാസത്തിലായിരുന്നു അന്ന് എല്ലാവരും. എന്നാല്‍ അതെല്ലാം തകിടം മറിച്ചായിരുന്നു രമ്യഹരിദാസിന്റെ വിജയം.
ആലത്തൂരില്‍ ഇത്തവണ നിലവിലെ സംസ്ഥാന മന്ത്രിയും മുന്‍ സ്പീക്കര്‍, ആലത്തൂര്‍ ലോകസഭ മണ്ഡലത്തിന്റെ ഭാഗമായ ചേലക്കര നിയമസഭയെ പ്രാതിനിധ്യം ചെയ്യുന്ന കെ. രാധാകൃഷ്ണനെയാണ് സിപിഎം രംഗത്തിറക്കിയിരിക്കുന്നത്.
മന്ത്രിയായിട്ടും സാധാരണക്കാരനെ പോലെ എളിയ ജീവിതം നയിക്കുന്ന കെ. രാധാകൃഷ്ണന് ഇത്തവണ പാട്ടുപാടി മണ്ഡലം തട്ടിയെടുക്കാന്‍ ഇനി ആരെയും അനുവദിക്കില്ലെന്നാണു പാര്‍ട്ടി പ്രവര്‍ത്തകര്‍ പറയുന്നത്. ആലത്തൂരിലും ഇടത മുന്നണി തെരഞ്ഞടുപ്പ് പ്രചരണത്തിനു തുടക്കമിട്ടു. രമ്യഹരിദാസ് തന്നെ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്നാണ് സൂചന. കഴിഞ്ഞ തവണ ബിഡിജെഎസ് സ്ഥാനാര്‍ഥിയായിരുന്നുവെങ്കില്‍ ഇത്തവണ ബിജെപി സ്വന്തം സ്ഥാനാര്‍ഥിയെ ഇറക്കുമെന്നും സൂചനയുണ്ട്്.