ഇനിയും നെല്ല് സംഭരണം തുടങ്ങാതെ സപ്ലൈകോ
1395851
Tuesday, February 27, 2024 6:10 AM IST
നെന്മാറ: അയിലൂർ, കയ്പ്പഞ്ചേരി, തിരുവഴിയാട് പാടശേഖരങ്ങളിൽ കൊയ്ത്ത് തുടങ്ങിയെങ്കിലും സപ്ലൈകോ നെല്ല് സംഭരണം തുടങ്ങാനാകാത്തത് കർഷകരെ ഏറെ വലച്ചിരിക്കുകയാണ്. അന്യസംസ്ഥാനങ്ങളിൽ നിന്നും വന്നെത്തിയ കൊയ്ത്തു യന്ത്രമുപയോഗിച്ച് കൊയ്തെടുക്കുന്ന തിരക്കിലാണ് കർഷകർ. കൊയ്ത്ത് യന്ത്രങ്ങളുടെ വാടകയിൽ ഏകീകരണമായാണ് നടക്കുന്നതിൽ കർഷകർക്ക് ആശ്വാസമായി. ഇത്തവണ ചെളിയിൽ ഇറങ്ങുന്ന ചെയിൻ ഘടിപ്പിച്ച കൊയ്ത്ത് യന്ത്രത്തിന് 2400 രൂപയും ടയറുള്ള കൊയ്ത്ത് യന്ത്രത്തിന് 1800 രൂപയുമാണ് വാങ്ങുന്നത്. പോത്തുണ്ടി കനാലിലൂടെയുള്ള വെള്ളത്തിന്റെ ഒഴുക്കു ദിവസങ്ങൾക്കു മുമ്പു നിർത്തിയെങ്കിലും പാടശേഖരങ്ങളിൽ വെള്ളമുള്ളതിനാൽ ചെയിൻ ഘടിപ്പിച്ച കൊയത്ത് യന്ത്രമാണ് ഉപയോഗിയ്ക്കുന്നത്. വയ്ക്കോൽ ചെളിയിൽ താഴ്ന്ന് നാശമാകുന്നതിൽ വയ്ക്കോലിനു വില കിട്ടില്ലെന്നതും കർഷകരെ നിരാശരാക്കി.
ചെളിയില്ലാത്ത കൊയ്തെടുത്ത പാടശേഖരങ്ങളിൽ വയ്ക്കോൽ യന്ത്രമുപയോഗിച്ച് റോളുകളായി കെട്ടിയെടുക്കുന്ന കർഷകരും ഉണ്ട്. വയ്ക്കോലിന് ഇത്തവണ ആവശ്യക്കാർ കുറവാണെന്നും ആയതിനാൽ നല്ല വില ലഭിക്കുന്നില്ലായെന്നും കർഷകർ പരാതിപ്പെട്ടു. വയ്ക്കോൽ വില കൊയ്ത്തിന്റെ ചിലവിനത്തിന് സഹായമാകുമായിരുന്നെങ്കിലും ആവശ്യക്കാർ കുറവായതിനാൽ കർഷകർ ആശങ്കയിലാണ്. സർക്കാർ നെല്ല് സംഭരണം വേഗത്തിലാക്കുമെന്ന പ്രതീക്ഷയിലാണ് കർഷകർ.
ഇന്നേവരെ സംഭരണത്തെ സംബന്ധിച്ച് വ്യക്തതകളൊന്നുമായില്ല. കൊയ്ത നെല്ല് കളപ്പുരകളിൽ ശേഖരിച്ചെങ്കിലും സ്വകാര്യ മില്ലുകാർക്ക് നെല്ലളക്കുന്നതിനും കർഷകർ തയ്യാറാകുകയാണ്. ചെറുകിട കർഷകർക്ക് നെല്ല് സൂക്ഷിക്കുവാനുള്ള സൗകര്യങ്ങളില്ലാത്തതിനാൽ ഈ അവസരം സ്വകാര്യ മില്ലുകാർ മുതലെടുക്കുന്നതായും കർഷകർ പറയുന്നു.