മേനോൻപാറ-ഒഴലപ്പതി പാതയിൽ ആർടിഒ ചെക്ക്പോസ്റ്റ് തുടങ്ങി
1395619
Monday, February 26, 2024 1:20 AM IST
ചിറ്റൂർ: അപകടപരന്പര തുടരുന്ന മേനോൻപാറ-ഒഴലപ്പതി പാതയിൽ ആർടിഒ ചെക്ക്പോസ്റ്റ് പ്രവർത്തനമാരംഭിച്ചു . അമിതഭാരം കയറ്റി വന്ന ടോറസ് വാഹനങ്ങൾ കാരണം കോടികൾ ചെലവഴിച്ചു നിർമിച്ച പാതയും തകർന്നിരുന്നു.
പലതവണ നാട്ടുകാർതന്നെ ഇത്തരം വാഹനങ്ങളെ നിരത്തിൽ തടഞ്ഞ് പ്രതിരോധസമരങ്ങളും നടത്തിയിരുന്നു. ഇതിനുശേഷമാണ് ആർടിഒ അധികൃതർ നടപടികളുമായി രംഗത്തെത്തിയത്. ആദ്യനടപടി എന്ന നിലയിലാണ് മേനോൻപാറ - ഒഴലപ്പതി പാതയിൽ ചെക്ക്പോസ്റ്റ് ആരംഭിച്ചിരിക്കുന്നത്.
പരിശക്കൽ സത്രത്തിൽ പ്രവർത്തിക്കുന്ന മൃഗസംരക്ഷണ വകുപ്പ് ചെക്ക്പോസ്റ്റിനു സമീപത്തായാണ് ആർടിഒ ചെക്പോസ്റ്റുള്ളത്. പ്രദേശവാസികളുടെ ഏറെക്കാലത്തെ ആവശ്യമായിരുന്നു അമിതഭാരം കയറ്റിയെത്തുന്ന മൾട്ടി ആക്സിൽ ലോറികളെ നിയന്ത്രിക്കണമെന്നത്.
ഒട്ടേറെ തവണ പ്രദേശവാസികൾ റോഡ് ഉപരോധിക്കുന്നതുൾപ്പെടെയുള്ള പ്രതിഷേധപരിപാടികൾ സംഘടിപ്പിച്ചെങ്കിലും ഫലം കണ്ടില്ല.
നാട്ടുകാരുടെ പരാതിയെതുടർന്ന് മന്ത്രി കെ. കൃഷ്ണൻകുട്ടി വിഷയത്തിൽ ഇടപെടുകയും മേനോൻപാറ - ഒഴലപ്പതി റോഡിൽ ചെക്ക്്പോസ്റ്റ് വേണമെന്ന ആവശ്യമുന്നയിക്കുകയും ചെയ്തിരുന്നു.
നാട്ടുകാരുടെ നിരന്തരമായ പരാതിയുയർന്നതോടെ ചെക്ക് പോസ്റ്റ് അനുവദിച്ചുകൊണ്ട് ഉത്തരവിറങ്ങിയെങ്കിലും അതു പ്രാവർത്തികമായില്ല.
തുടർന്ന് മന്ത്രി കെ.ബി. ഗണേഷ്കുമാറിന്റെ ശ്രദ്ധയിൽപ്പെടുത്തിയതോടെ അദ്ദേഹം നടത്തിയ ഇടപെടലിനെതുടർന്നാണ് ചെക്ക്പോസ്റ്റ് ഉടൻ പ്രവർത്തനമാരംഭിച്ചത്.
നിലവിൽ ഒരു എംവിഐയെയും മൂന്ന് എഎംവിഐമാരെയു മാണ് ചെക്ക്പോസ്റ്റിൽ നിയമിച്ചിട്ടുള്ളത്. ഭാരം തൂക്കുന്നതുൾപ്പെടെയുള്ള സംവിധാനങ്ങൾ ഇല്ലാത്തതിനാൽ പ്രഥമിക പരിശോധനയിൽ അമിതഭാരം കയറ്റിയതായി കാണുന്ന ലോറികളെ തിരിച്ചയയ്ക്കുകയും സംശയമുള്ള വാഹനങ്ങളുടെ ഭാരം വീണ്ടും പരിശോധിച്ച് ബില്ല് ഹാജരാക്കാൻ ആവശ്യപ്പെടുകയുമാണ് ചെയ്യുന്നതെന്ന് ഉദ്യോഗസ്ഥർ അറിയിച്ചു.