മണ്ണാർക്കാട് പൂരം : വലിയാറാട്ട് വർണ്ണാഭം, ചെട്ടിവേല ഇന്ന്
1395389
Sunday, February 25, 2024 6:29 AM IST
മണ്ണാർക്കാട് : കഴിഞ്ഞ ഏഴ് ദിവസമായി മണ്ണാർക്കാട് ഉദയർക്കുന്ന് ഭഗവതി ക്ഷേത്രത്തിൽ നടക്കുന്ന മണ്ണാർക്കാട് പൂരം വലിയാറാട്ട് ഇന്നലെ വർണ്ണാഭമായി നടന്നു.
രാവിലെ 8:30 മുതൽ കേരളത്തിലെ പ്രഗൽഭ വാദ്യകലാകാരന്മാർ അണിനിരന്ന മേജർ സെറ്റ് പഞ്ചവാദ്യത്തോടെയാണ് ആറാട്ടെഴുന്നള്ളിപ്പ് നടന്നത്. കേരളത്തിൽ അറിയപ്പെടുന്ന ഗജരാജൻ പാമ്പാടി രാജനാണ് ഭഗവതിയുടെ തിടമ്പേറ്റിയത്.
11 മണി മുതൽ 12 മണിവരെ കുന്തിപ്പുഴ ആറാട്ടുകടവിൽ പ്രശസ്തമായ കഞ്ഞിപാർച്ചയും നടന്നു. കഞ്ഞിപാർച്ചയിൽ ആയിരങ്ങളാണ് പങ്കെടുത്തത്. 12. 30 മുതൽ ഒരു മണിവരെ മേളം നാദസ്വരം എന്നിവയും മൂന്നുമണി മുതൽ അഞ്ചു മണി വരെ ഓട്ടൻ തുള്ളലും നടന്നു.
അഞ്ചുമണി മുതൽ ആറുമണിവരെ ഡബിൾ നാദസ്വരം ആറുമണി മുതൽ എട്ടു മണി വരെ ഡബിൾ തായമ്പക എന്നിവയുമുണ്ടായി. രാത്രി ഒമ്പതു മുതൽ 10 മണി വരെയാണ് ആറാട്ടെഴുന്നള്ളിപ്പ് നടന്നത്. വർണ്ണാഭമായ കുടമാറ്റവും ആറാട്ടെഴുന്നള്ളിപ്പിനോടനുബന്ധിച്ച് നടന്നു.
ഇന്നാണ് പ്രശസ്തമായ ചെട്ടിവേല നടക്കുന്നത്.
വൈകുന്നേരം മൂന്നു മണി മുതൽ നാലു മണി വരെ യാത്രാബലി, താന്ത്രിക ചടങ്ങുകൾ തുടർന്ന് നാലുമണി മുതൽ ആറു മണി വരെ പഞ്ചവാദ്യത്തോടുകൂടി സ്ഥാനീയ ചെട്ടിയന്മാരെ ആനയിക്കൽ, ഘോഷയാത്ര എന്നിവയുണ്ടാവും.
വൈകുന്നേരം 6. 30ന് ദീപാരാധന, ഏഴുമണി മുതൽ എട്ടു മണി വരെ ആറാട്ട്, 21 പ്രദക്ഷിണം തുടർന്ന് കൊടിയിറക്കൽ അത്താഴപൂജ എന്നിവയോടെ പൂരത്തിന് സമാപനമാവും.