"സഖി' വണ്‍ സ്റ്റോപ്പ് സെന്റര്‍
1394639
Thursday, February 22, 2024 1:49 AM IST
പാലക്കാട്: അതിക്രമങ്ങള്‍ക്കു ഇരയാകുന്ന സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും താങ്ങുംതണലുമാവുകയാണ് കേന്ദ്ര-സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍.
എന്താണ് സഖി?
ഗാര്‍ഹിക പീഡനം ഉള്‍പ്പടെയുള്ള പ്രശ്നങ്ങള്‍ നേരിടുന്ന സ്ത്രീകള്‍ക്കു താമസവും കൗണ്‍സിലിംഗും നിയമസഹായങ്ങളും ലഭ്യമാക്കുക എന്നതാണു പദ്ധതിയുടെ ലക്ഷ്യം. സംസ്ഥാന വനിത ശിശുവികസന വകുപ്പിന്റെ മേല്‍നോട്ടത്തില്‍ സ്റ്റേറ്റ് നിര്‍ഭയ സെല്‍ നോഡല്‍ ഏജന്‍സിയായും ജില്ലാ കളക്ടര്‍ അധ്യക്ഷനായുള്ള മാനേജിംഗ് കമ്മിറ്റിയുടെയും നേതൃത്വത്തിലാണ് സെന്ററിന്റെ പ്രവര്‍ത്തനം.
പ്രവര്‍ത്തനങ്ങള്‍
2019-ലാണ് ജില്ലാ ആശുപത്രിക്കു സമീപമുള്ള വനിതാ-ശിശു ആശുപത്രിയുടെ മുകള്‍ നിലയില്‍ ജില്ലയിലെ സഖി വണ്‍ സ്റ്റോപ്പ് സെന്റര്‍ പ്രവര്‍ത്തനം തുടങ്ങിയത്. ഇതുവരെ 307 ഗാര്‍ഹിക പീഡന പരാതികളും 163 പോക്സോ കേസുകളും 55 മിസിംഗ് കേസുകളും ആറു ബലാല്‍സംഗ കേസുകളും മൂന്നു സൈബര്‍ ക്രൈം കേസുകളും ഒരു സ്ത്രീധന പീഡന കേസുകളും 362 മറ്റു ഇതര കേസുകളും റിപ്പോര്‍ട്ടു ചെയ്തിട്ടുണ്ട്. ഇതില്‍ 652-ലധികം പരാതികള്‍ ഇതിനോടകം തീര്‍പ്പാക്കി കഴിഞ്ഞു. മറ്റു കേസുകള്‍ കൗണ്‍സിലിംഗ്, മീഡിയേഷന് തുടങ്ങിയ നടപടികളിലാണ്.
സേവനങ്ങള്‍ ഇതുവരെ
പ്രവര്‍ത്തനം ആരംഭിച്ച നാള് മുതല്‍ ഇതുവരെ 364 പേര്‍ക്കാണ് സഖിയിലൂടെ ഷെല്‍ട്ടര്‍ ഉറപ്പു വരുത്തിയിട്ടുള്ളത്.
355 പരാതികളില്‍ നിയമ സഹായം, 369 പരാതികളില്‍ കൗണ്‍സിലിംഗ്, 283 പരാതികളില്‍ പോലീസ് സഹായം മറ്റു മെഡിക്കല്‍ സഹായം എന്നിങ്ങനെ നല്‍കിക്കഴിഞ്ഞു.
അക്രമങ്ങള്‍ക്കു ഇരയായ സ്ത്രീകളും കുട്ടികളും സഖി വണ്‍ സ്റ്റോപ്പ് സെന്ററില്‍ എത്തുമ്പോള്‍ ആവശ്യമെങ്കില്‍ അഞ്ചു ദിവസം വരെ സഖിയില്‍ താമസ സൗകര്യം ഉറപ്പാക്കുന്നുണ്ട്.
സെന്റര്‍ അഡ്മിനിസ്ട്രറ്റര്‍, കേസ് വര്‍ക്കര്‍മാര്‍, സൈക്കോ സോഷ്യല്‍ കൗണ്‍സിലര്‍, മൂന്ന് ഫെസിലിറ്റേഷന്‍ ഓഫീസര്‍മാര്‍, ഐടി സ്റ്റാഫ്, സെക്യൂരിറ്റി എന്നിവരാണ് സഹായത്തിനുള്ളത്. ആവശ്യഘട്ടങ്ങളില്‍ ഡോക്ടര്‍മാരുടെയും നിയമ വിദഗ്ധരുടെയും സേവനം ലഭ്യമാണ്.