കൊല്ലങ്കോട് താലൂക്കിൽ കാട്ടുപന്നികൾ ജീവനു ഭീഷണി
1394634
Thursday, February 22, 2024 1:49 AM IST
കൊല്ലങ്കോട്: ആനമാറിയിൽ സഹോദരങ്ങളായ ഷാലുദീൻ, അബ്ദുൾ ജബ്ബാർ എന്നിവർക്ക് രണ്ടിടങ്ങളിലുണ്ടായ കാട്ടുപന്നി ആക്രമണത്തിൽ ജീവൻ പൊലിഞ്ഞത് നാടിനാകെ ഞെട്ടലുണ്ടാക്കിയ സംഭവമായിരുന്നു. പാൽ വ്യാപാരിയായ ജബ്ബാർ പുലർച്ചെ ഇരുചക്ര വാഹനത്തി ൽ സഞ്ചരിക്കുന്നതിനിടെ പന്നിയിടിച്ച് നിയന്ത്രണം വിട്ട് തല വൈദ്യുതി പോസ്റ്റിലിടിച്ച് ചികിത്സക്കിടെയാണ് മരണത്തിനു കീഴടങ്ങിയത് . 2014 ൽ പാറക്കുളമ്പിൽ വെച്ചാണ് അപകടം.
സഹോദരൻ ഷാലുദീന് ആനമാറിയിൽ വീടിനു നൂറു മീറ്റർ അകലെ വെച്ചാണ് പന്നിയുടെ കുത്തേറ്റത്. ആനമാറി ജംഗ്ഷനിൽ തന്നെയുള്ള വ്യാപാര കേന്ദ്രത്തിൽ പോയി വീട്ടിലേക്ക് തിരിച്ചു വരുന്നതിനിടെ പിറകിലൂടെ വന്ന പന്നി ഷാലുദീനെ കുത്തിതെറിപ്പിക്കുകയായിരുന്നു. തലയ്ക്ക് ഗുരുതര പരിക്കേറ്റ് സംഭവസ്ഥലത്തു തന്നെ മരണപ്പെടുകയാണുണ്ടായത്. അഞ്ചു വർഷം മുന്പാണ് അപകടം നടന്നത്. ഇവർ ഇരുവർക്കും വനവകുപ്പിന്റെ ധനസഹായം ലഭിച്ചതുമില്ല. ഈ സംഭവത്തിനു ശേഷം ആനമാറി ജംഗ്ഷനിൽ മാസങ്ങളോളം പകൽസമയത്തു പോലും ജനം നടക്കാൻ ഭയപ്പെട്ടിരുന്നു.
മുതലമട സ്വദേശിയായ ഷംസുദ്ദീനും ഇരുചക്ര വാഹനത്തിൽ പന്നികുത്തി റോഡിൽ വീണ് ഗുരുതരമായ പരിക്കേറ്റ് ചികിത്സക്കിടെ മരണപ്പെട്ടു. ഇവരുടെ ആശ്രിതർക്ക് വനംവകുപ്പിൽ നിന്നും അഞ്ചുലക്ഷം രൂപ ധനസഹായം ലഭിച്ചിരുന്നു. ഈ മൂന്നു അപകടങ്ങളും നടന്നത് ജനവാസ കേന്ദ്രങ്ങളിലാണ്. പാറക്കളത്തിനു സമീപം വയലിൽ എലിയെ പിടിക്കുന്നതിനു വെച്ച വല പുലർച്ചെ എടുത്തു മാറ്റുന്നതിനിടെയാണ് പാറക്കളം സുബ്രഹ്മണ്യനെ പന്നി ആക്രമിച്ചത്. നട്ടെല്ലിൽ ക്ഷതമേറ്റ് മാസങ്ങളോളം ജില്ലാ ആശുപത്രിയിൽ ചികിത്സ നടത്തിയെങ്കിലും മരണത്തിനു കീഴടങ്ങി. സുബ്രഹ്മണ്യൻ എലിപിടുത്തം നടത്തി ലഭിക്കുന്ന തുച്ഛമായ വരുമാനത്തിലാണ് നാലംഗ കുടുംബം ഉപജീവനം നടത്തിയിരുന്നത്.
വനം വകുപ്പിൽ നിന്നു നാമമാത്രമായ ധനസഹായമാണ് ആശ്രിതർക്ക് ലഭിച്ചത്. മൂന്ന് വർഷം മുന്പാണ് പാറകുളമ്പിൽ രവീന്ദ്രന്റെ ഭാര്യ വത്സലക്ക് പന്നിയുടെ കുത്തേറ്റ് വലതുകാലിന്റെ എല്ലുപൊട്ടിയത്. ഒന്നര വർഷത്തോളം കിടപ്പിലായിരുന്നു. കൂലിപ്പണിക്കു പോയി ജീവിക്കാൻ കഴിയാത്ത നിലയിലുമായി. വീട്ടുമുറ്റത്ത് പുലർച്ചെ പുറകിലൂടെ എത്തിയാണ് പന്നി വത്സലയെ കുത്തിമറച്ചിട്ടത്. ഒരു മാസം മുൻപ് തെക്കേക്കാട് സ്വദേശി റിയാസുദീൻ സഞ്ചരിച്ച ബൈക്ക് പന്നി കുത്തിമറിച്ചിട്ടത്. ബൈക്കിലുണ്ടായിരുന്ന റിയാസുദീനും ഭാര്യക്കും രണ്ടു കുട്ടികൾക്കും ഗുരുതരമായ പരിക്കു പറ്റി. രണ്ടാഴ്ച മുന്പ് മൂച്ചൻകുണ്ടിൽ പന്നി ബൈക്കിലിടിച്ച് ഒന്നൂർപ്പള്ളം നാരായണന് സാരമായ പരിക്കുപറ്റി വീട്ടിൽ ചികത്സയിൽ കഴിയുകയാണ്. താടനാറ കള്ളുഷാപ്പിനു സമീപത്ത് ആനമാറി സ്വദേശി വേലായ്ചാമിക്കു ബൈക്ക് യാത്രക്കിടെ പന്നി ആക്രമണത്തിൽ പരിക്കേറ്റ് ചികത്സയിലാണ്. താലൂക്കിൽ കാട്ടുപന്നി ആക്രമണത്തിൽ അമ്പതിൽപരം പേർക്കാണ് ഗുരുതരമായ പരിക്കേറ്റത്. എട്ടോളം പേർ മരണപ്പെടുകയും ചെയ്തിട്ടുണ്ട്.