നീന്തൽ മത്സരങ്ങളിൽ മിന്നും വിജയങ്ങളുമായി മോളി ജോസഫ്
1393884
Monday, February 19, 2024 1:21 AM IST
ബിനു തോമസ്
ആലത്തൂർ: പ്രായത്തെ വെല്ലുന്ന മത്സരമികവുമായി റിട്ടയേഡ് അധ്യാപിക മോളി ജോസഫ് തിരക്കിലാണ്. പ്രായം അറുപത്തിയാറായെങ്കിലും കൊയ്തെടുത്ത സ്വർണ മെഡലുകൾ തന്നെയാണ് മോളിയുടെ ഊർജം.
ഏപ്രിലിൽ പെരിയാർ നദിയിൽ നടക്കുന്ന കൊച്ചി സ്വിം മാരത്തോണിൽ മത്സരിക്കാനുള്ള തയാറെടുപ്പിലാണിപ്പോൾ മോളി ടീച്ചർ.
വെള്ളത്തിനു മുകളിൽ ഏറെനേരം ഫ്ളോട്ടു ചെയ്ത് മലർന്നു കിടന്നു അതിശയം തീർക്കാറുള്ള ടീച്ചറെക്കുറിച്ച് നാട്ടുകാർക്കു പറയാനുള്ള അതിശയം മറ്റൊന്നാണ്.
ഗായത്രിപ്പുഴയുടെ ചീരക്കുഴി ഡാം പ്രദേശത്ത് 110 മീറ്റർ അങ്ങോട്ടുമിങ്ങോട്ടും നീന്തിയതു നാട്ടുകാർക്ക് മറക്കാറായിട്ടില്ല. അറുപത്തിമൂന്നാം വയസിലായിരുന്നു ആ നേട്ടം. ടീച്ചറുടെ നീന്തല്‍ മികവിനു സാക്ഷ്യം പറയാൻ നിരവധി മെഡലുകളാണ് വീട്ടിൽ കാത്തിരിക്കുന്നത്.
എരിമയൂർ തേനാരിപ്പറമ്പിൽ മോളി ജോസഫ് ഇത്തവണ ഗോവയിൽ നടന്ന ദേശീയ മാസ്റ്റേഴ്സ് നീന്തൽ ചാമ്പ്യൻഷിപ്പിൽ മൂന്നു സ്വർണ മെഡലുകളാണ് നേടിയത്.
50 മീറ്റർ ഫ്രീ സ്റ്റൈൽ, 50 മീറ്റർ ബാക്ക് സ്ട്രോക്ക്, 100 മീറ്റർ ബാക്ക് സ്ട്രോക്ക് എന്നീ ഇനങ്ങളിലാണ് ജേതാവായത്.
വെറ്ററൻസ് മീറ്റിനെക്കുറിച്ച് അന്വേഷിച്ചറിഞ്ഞതിനെ തുടർന്ന് എട്ടു ദിവസം പാലക്കാട് ഉദയ റിസോർട്ടിൽ സ്വിമ്മിംഗ് പഠിച്ച് കോട്ടയത്തു നടന്ന പതിനൊന്നാമത് സ്റ്റേറ്റ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ പങ്കെടുത്തു.
ഇതിൽ വ്യക്തിഗത ഇനത്തിൽ നാലുസ്വർണവും ഗ്രൂപ്പ് ഇനത്തിൽ ഒരു സ്വർണവും ഒരു വെള്ളിയും നേടാൻ ടീച്ചർക്കു കഴിഞ്ഞു.
ഇതിനു ശേഷം നാഷണൽ ചാമ്പ്യൻഷിപ്പ് ലക്ഷ്യമാക്കി മലമ്പുഴയിൽ 15 ദിവസത്തെ പരിശീലനം നടത്തി. തുടർന്ന് ഹരിയാനയിൽ 2022 നവംബറിൽ നടന്ന പതിനെട്ടാമത് നാഷണൽ മാസ്റ്റേഴ്സ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ 50 മീറ്റർ ബാക്ക് സ്ട്രോക്കിൽ വെങ്കല മെഡലും, 2022 ഡിസംബറിൽ തൃശൂരിൽ നടന്ന നാലാമത് കേരള സ്റ്റേറ്റ് മാസ്റ്റേഴ്സ് ഗെയിംസിൽ ഒരു സ്വർണവും രണ്ടു വെള്ളിയും നേടി.
2023 നവംബറിൽ കോഴിക്കോട് നടന്ന 12-ാമത് കേരള മാസ്റ്റേഴ്സ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ അഞ്ചു സ്വർണവും ഒരു വെള്ളിയും കരസ്ഥമാക്കി.
കഴിഞ്ഞ നവംബറിൽ മംഗലാപുരത്ത് നടന്ന നാഷണൽ മാസ്റ്റേഴ്സ് അക്വാട്ടിക് ചാമ്പ്യൻഷിപ്പിൽ നാലു വെള്ളിയും രണ്ടു വെങ്കലവും ഇൗ വർഷം ജനുവരിയിൽ എറണാകുളത്ത് നടന്ന അഞ്ചാമത് കേരള മാസ്റ്റേഴ്സ് സിമ്മിംഗ് ചാമ്പ്യൻഷിപ്പിൽ ഒരു സ്വർണവും രണ്ടുവെള്ളിയും നേടി.
ഇത്രയും നേട്ടങ്ങൾക്കിടയിലും പ്രായത്തെ തോൽപ്പിച്ച് ഓളപ്പരപ്പുകളിൽ മുന്നേറുകയാണ് മോളി ടീച്ചർ.
പ്രാരാബ്ധങ്ങളുടെ പുഴ നീന്തിക്കടന്ന്...
നേട്ടങ്ങൾക്കിടയിലും പ്രാരാബ്ധങ്ങളുടെ പുഴ നീന്തിക്കടന്നാണ് ടീച്ചർ ഇതുവരെയെത്തിയത്. 1975ൽ ഇടുക്കി തൊടുപുഴയിലെ കോടിക്കുളത്തായിരുന്നു ജനനം.
പതിനാലാം വയസുവരെ നാട്ടിലെ പുഴയിൽ നീന്തിക്കളിച്ചതാണ് ബാലപാഠം. ഇതിനിടെ ഉറുമി, വാൾപയറ്റ്, അടിതട, വടികറക്കൽ എന്നിവയിലും പരിശീലനം നേടി. തുടർന്ന് കുടുംബസമേതം ആലത്തൂരിലെ പഴന്പാലക്കോട്ടെത്തി.
പ്രാഥമിക പഠനത്തിനു ശേഷം ആലത്തൂർ എസ്എൻ കോളജിൽ ഡിഗ്രി പഠനം. ഇക്കാലയളവിൽ കെഎസ്യു ജില്ലാ വൈസ് പ്രസിഡന്റ്, കോളജ് യൂണിയൻ വൈസ് ചെയർമാൻ സ്ഥാനങ്ങൾ വഹിച്ചിരുന്നു.
1982ൽ പഴന്പാലക്കോട് എസ്എംഎം സ്കൂളിൽ ബയോളജി അധ്യാപികയായി.
1983ൽ തൊടുപുഴ ഏഴല്ലൂർ വെട്ടിക്കുഴിയിൽ ജോർജ് മാത്യുവിനെ വിവാഹം കഴിച്ചു.
എട്ടുവർഷത്തിനിപ്പുറം ഭർത്താവിനെ മരണം കവർന്നെടുക്കുന്പോൾ അഞ്ചും ഏഴും വയസുള്ള രണ്ടു പെൺകുട്ടികൾ മാത്രമായിരുന്നു ടീച്ചർക്ക് കൂട്ട്.
ജീവിതത്തിലെ വിവിധ പ്രതിസന്ധികൾ മൂലം എന്നും ഏറെ പ്രണയിച്ചിരുന്ന നീന്തലിനെ താത്കാലികമായി ഉപേക്ഷിക്കേണ്ടി വന്നു ടീച്ചര്‍ക്ക്. സ്വന്തമായ വീട് അടക്കമുള്ള സ്വപ്നങ്ങൾ യാഥാർഥ്യമാക്കി വിശ്രമ ജീവിതത്തിലേക്ക് നടന്നടുക്കുകയായിരുന്നു. ഇപ്പോൾ വീണ്ടും നീന്തലിലൂടെ സന്തോഷമെല്ലാം തിരിച്ചുപിടിയ്ക്കുകയാണ് ടീച്ചർ- വിവിധ മീറ്റുകളിലെ മെഡലുകളിലൂടെ.
മത്സരങ്ങൾക്കൊപ്പം ദീർഘദൂര യാത്രകളാണ് ടീച്ചറുടെ ഹോബി. മണാലി, ഹൈദരാബാദ്, ലക്ഷദ്വീപ്, ഹോളിലാൻഡ്, ആൻഡമാൻ, സൗത്താഫ്രിക്ക, സിംഗപ്പൂർ, മലേഷ്യ, ഗോവ, ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങൾ ഇതിനകം ടീച്ചർ സന്ദർശനം നടത്തിയിട്ടുണ്ട്. ഈവർഷം മേയിൽ തായ്ലൻഡിലേക്കാണ് യാത്ര.
ഗോവൻ യാത്രക്കിടയിലെ പാരാ ഗ്ലൈഡിംഗ് എന്ന സ്വപ്നവും യാഥാര്‍ഥ്യമാക്കിയ സന്തോഷത്തിലാണ് മോളി ടീച്ചര്‍.