കർഷകർക്ക് ഡ്രോൺ വളപ്രയോഗ രീതി പരിചയപ്പെടുത്തി
1376103
Wednesday, December 6, 2023 1:18 AM IST
നെന്മാറ: ഡ്രോൺ ഉപയോഗിച്ച് കർഷകർക്ക് രാസവളങ്ങളും സസ്യ വളർച്ച പ്രേരകങ്ങളും തളിക്കുന്ന രീതി പരിചയപ്പെടുത്തി. നെന്മാറ ബ്ലോക്ക് ആത്മ സ്കീമിന്റേയും അയിലൂർ കൃഷിഭവന്റേയും സംയുക്താഭിമുഖ്യത്തിലായിരുന്നു പരിപാടി. ആത്മയുടെ നേതൃത്വത്തിൽ നെൽകൃഷിയിൽ ശാസ്ത്രീയ കൃഷി രീതിയിൽ സാങ്കേതിക വിദ്യ പ്രയോഗിക്കുക എന്ന ലക്ഷ്യത്തിന്റെ ഭാഗമായാണ് ഡ്രോൺ ഉപയോഗിച്ച് വളങ്ങൾ നെൽചെടികളിലേക്ക് തളിച്ചു നൽകിയത്.
നാനോ യൂറിയയും സൂക്ഷ്മ സസ്യ വളർച്ച പ്രേരകങ്ങളും ഉൾപ്പെടുന്ന ലായനിയാണ് തളിച്ചത്. ലായനി രൂപത്തിലുള്ള നാനോ യൂറിയയും, സസ്യ വളർച്ച പ്രേരകമായ സാഗരികയുടെയും ഉല്പാദകരായ ഇഫ്ക്കോയുടെ സഹകരണത്തോടെയാണ് സൗജന്യമായി അയിലൂർ കൃഷിഭവനിലെ പുത്തൻതറ പാടശേഖരത്തിലെ തെരഞ്ഞെടുത്ത 10 കർഷകരുടെ കൃഷിയിടങ്ങളിൽ തളിച്ചത്.
ഒരു ഏക്കർ നെൽപാടത്ത് നാനോ യൂറിയയും സസ്യ വളർച്ച പ്രേരകവും തളിക്കുന്നതിന് 10 മിനിറ്റിൽ താഴെ മാത്രമാണ് സമയം വേണ്ടിവന്നത്. ഇതുമൂലം മണ്ണിലൂടെയും ജലത്തിലൂടെയും വളം നഷ്ടപ്പെടാതെ ഇലയിലൂടെ നേരിട്ട് ചെടികൾക്ക് ലഭിക്കുമെന്ന മേന്മയുണ്ടെന്ന് കൃഷി അധികൃതർ വിവരിച്ചു. അര ലിറ്റർ നാനോ യൂറിയയാണ് ഒരേക്കർ നെൽപാടത്ത് 10 ലിറ്റർ വെള്ളത്തിൽ കലർത്തി തളിച്ചത്.
മിനിറ്റുകൾക്കകം നെൽപാടങ്ങളിലെ വളപ്രയോഗം തീർന്നത് കൗതുകത്തോടെ കർഷകർ നോക്കിനിന്നു. കോയമ്പത്തൂർ ആസ്ഥാനമായുള്ള കമ്പനിയാണ് ബാറ്ററിയിൽ പ്രവർത്തിക്കുന്ന ഡ്രോൺ നെൽപാടങ്ങൾക്ക് മുകളിലൂടെ പറത്തിയത്. കർഷകർക്ക് നേരിട്ട് ഈ കമ്പനി മണിക്കൂറിന് 500 രൂപ നിരക്കിൽ വളപ്രയോഗം നടത്തിക്കൊടുക്കാറുണ്ടെന്ന് അറിയിച്ചു.
അയിലൂർ പഞ്ചായത്തിലെ പരിചയപ്പെടുത്തൽ പഞ്ചായത്ത് പ്രസിഡന്റ് എസ്. വിഘ്നേഷ് ഉദ്ഘാടനം ചെയ്തു. കൃഷി അസിസ്റ്റന്റ് സി. സന്തോഷ്, പരിപാടി വിശദീകരിച്ചു. ആത്മയുടെ ബ്ലോക്ക് ടെക്നോളജി മാനേജർ (ബിപിഎം) എൻ.എം. അസ്ലം സാങ്കേതിക വിവരങ്ങളും പദ്ധതിയുടെ മേന്മയെ കുറിച്ചും കർഷകർക്ക് ക്ലാസ് എടുത്തു.
ആത്മ അസിസ്റ്റന്റ് ടെക്നിക്കൽ മാനേജർ കെ. സുനിത, കൃഷി അസിസ്റ്റന്റ് ജി.ദീപിക, സംയുക്ത പാടശേഖരസമിതി പ്രസിഡന്റ് എ. പ്രഭാകരൻ, സെക്രട്ടറി കെ. നാരായണൻ, വിവിധ പാടശേഖരസമിതി ഭാരവാഹികളും കർഷകരും പങ്കെടുത്തു.