പാലക്കുഴി ജലവൈദ്യുത പദ്ധതിക്കൊപ്പം ഡാം സൈറ്റിൽ സോളാർ വൈദ്യുതി ഉത്പാദനവും പരിഗണനയിൽ
1374849
Friday, December 1, 2023 1:36 AM IST
വടക്കഞ്ചേരി: പാലക്കുഴിയിലെ ജലവൈദ്യുത പദ്ധതിയോടൊപ്പം തടയണ സൈറ്റിൽ സോളാർപാനൽ സ്ഥാപിച്ചും വൈദ്യുതി ഉത്പാദനം ആലോചനയിലാണെന്ന് ജില്ലാ പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഇതിന്റെ സാധ്യതകൾ പരിശോധിച്ചു വരികയാണ്. പദ്ധതി കേന്ദ്രീകരിച്ച് പാലക്കുഴിയെ ടൂറിസം സ്പോട്ടായി ഉയർത്തുന്നതും സജീവ പരിഗണനയിലുണ്ട്. വെള്ളച്ചാട്ടത്തിനു താഴെ കൊന്നക്കൽകടവിൽ ജല വൈദ്യുത പദ്ധതിയുടെ പവർഹൗസിലേക്കുള്ള റോഡിന്റേയും പാലത്തിന്റേയും ഉദ്ഘാടന പ്രസംഗത്തിലാണ് ജില്ലാ പഞ്ചായത്ത്, കിഴക്കഞ്ചേരി ഗ്രാമ പഞ്ചായത്ത് ജനപ്രതിനിധികൾ ഇക്കാര്യങ്ങൾ അറിയിച്ചത്. ജില്ലാ പഞ്ചായത്തിന്റെ ആദ്യ പദ്ധതിയായ മണ്ണാർക്കാട് മീൻവല്ലം പദ്ധതി ലാഭത്തിലാണിപ്പോൾ.
വർഷത്തിൽ രണ്ടുകോടി രൂപയുടെ ലാഭമുണ്ടെന്ന് ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് സി.കെ. ചാമുണ്ണി പറഞ്ഞു. ഈ ഫണ്ട് ഉപയോഗിച്ചാണ് പാലക്കുഴി പദ്ധതിയുടെ നിർമാണ പ്രവർത്തനങ്ങൾ മുന്നോട്ടു പോകുന്നത്. ജില്ലാ പഞ്ചായത്തിന്റെ മൂന്നാമത്തെ ജലവൈദ്യുത പദ്ധതിയായി പാലക്കയം ലോവർ വട്ടപ്പാറ പദ്ധതിയുടെയും പ്രാരംഭ നടപടികൾ പുരോഗമിക്കുകയാണ്. പാലക്കുഴിയിലെത്തുന്ന വിനോദ സഞ്ചാരികളുടെ പ്രാഥമിക ആവശ്യങ്ങൾക്കുള്ള സൗകര്യങ്ങൾ മെച്ചപ്പെടുത്തുന്നതിനായി 20 ലക്ഷം രൂപ വകയിരുത്തിയിട്ടുണ്ടെന്ന് കിഴക്കഞ്ചേരി പഞ്ചായത്ത് അധികൃതർ പറഞ്ഞു. ഒരു ജില്ലയിൽ മൂന്ന് പഞ്ചായത്തുകളെ ടൂറിസം വികസനത്തിനായി തെരഞ്ഞെടുത്തിട്ടുള്ളതിൽ ഒന്നാണ് പാലക്കുഴി ഉൾപ്പെടുന്ന കിഴക്കഞ്ചേരി പഞ്ചായത്ത്.
പവർ ഹൗസിലേക്കുള്ള റോഡിന്റേയും പാലത്തിന്റേയും ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് കെ. ബിനുമോൾ നിർവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് കവിത മാധവൻ അധ്യക്ഷയായി. ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് സി. കെ. ചാമുണ്ണി, പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി. രാധാകൃഷ്ണൻ, ജില്ലാ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്സൺ അനിതപോൾസൺ, ജില്ലാ പഞ്ചായത്ത് സെക്രട്ടറി എം. രാമൻകുട്ടി, ചീഫ് എൻജിനീയർ പ്രസാദ് മാത്യു, ബ്ലോക്ക് മെംബർ സുനിത ശശീന്ദ്രൻ, പാലക്കുഴി മെംബർ പോപ്പി ജോൺ എന്നിവർ പ്രസംഗിച്ചു.
ഒരു കോടിയോളം രൂപ ചെലവഴിച്ചാണ് കോൺക്രീറ്റ് റോഡും പാലവും നിർമിച്ചിട്ടുള്ളത്. പവർ ഹൗസ്കെട്ടിടത്തിന്റെ ആദ്യപില്ലർ കോൺക്രീറ്റിംഗിന്റെ ഉദ്ഘാടനവും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് നിർവഹിച്ചു.