വിദഗ്ധസംഘം നെല്ലിയാമ്പതി ചുരം റോഡ് സന്ദർശിച്ചു
1373452
Sunday, November 26, 2023 2:10 AM IST
നെന്മാറ: ജില്ലാ കളക്ടറുടെ നിർദേശപ്രകാരം നെല്ലിയാമ്പതി റോഡിലെ മണ്ണിടിഞ്ഞ സ്ഥലം വിദഗ്ധസംഘം സന്ദർശിച്ചു. ബദൽ ഗതാഗത മാർഗവും എത്രകാലത്തിനുള്ളിൽ പണിപൂർത്തിയാക്കാൻ കഴിയും എന്നുള്ള കാര്യവും വിലയിരുത്താനാണ് ചിറ്റൂർ തഹസിൽദാരുടെ നേതൃത്വത്തിലുള്ള സംഘം നെല്ലിയാമ്പതി സന്ദർശിച്ചത്.
സംഘം പൊതുമരാമത്ത് അധികൃതരും പഞ്ചായത്ത് പ്രസിഡന്റുമായും ചർച്ച നടത്തി. ഗതാഗത പ്രശ്നത്തിന് പരിഹാരം ഉടനടി പരിഹാരം വേണമെന്ന് നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ് ആവശ്യപ്പെട്ടു. ഭാരവാഹനങ്ങൾക്കുള്ള നിരോധനം നെല്ലിയാമ്പതിയിലേക്കും അവിടെ നിന്നുള്ള എസ്റ്റേറ്റുകളിലെ ഉത്പന്നങ്ങൾ കൊണ്ടുപോകുന്നതിനും തടസമാകുന്നത് ചൂണ്ടി കാണിച്ചു.
നിലവിലെ സ്ഥിതി അനുസരിച്ച് നിർമാണ പ്രവർത്തനങ്ങൾ ഒരു മാസം നീളുമെന്നാണ് പൊതുമരാമത്ത് അധികൃതർ അറിയിച്ചത്. പൊതുമരാമത്ത് അധികൃതരുടെ നടപടി പ്രായോഗികമല്ലെന്നാണ് നെല്ലിയാമ്പതി നിവാസികളുടെ അഭിപ്രായം.
മഴക്കാലം അവസാനിക്കുന്നതിന് മുമ്പ് നിർമാണ പ്രവർത്തനം ആരംഭിച്ചതാണ് നിലവിലെ ദുരവസ്ഥയ്ക്ക് കാരണമെന്ന് നെല്ലിയാമ്പതി യാത്രക്കാർ പരാതിപ്പെട്ടു. നിലവിൽ നെല്ലിയാമ്പതിയിൽ ചെറു വാഹനങ്ങൾ മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലത്ത് യാത്രക്കാരെ ഇറക്കി മറുഭാഗത്ത് പോയി യാത്രക്കാരെ കയറ്റിയാണ് പോകുന്നത്.
കഴിഞ്ഞദിവസം മുതൽ നെല്ലിയാമ്പതിയിലെ പൊതുജനങ്ങളുടെ ആവശ്യാർഥം കെഎസ് ആർടിസി സർവീസ് പുനരാരംഭിച്ചിരുന്നു. കെഎസ്ആർടിസിയുടെ ചെറിയ വാഹനങ്ങൾ ഷട്ടിൽ സർവീസ് നടത്തണമെന്നാണ് പൊതുമരാമത്ത് നിർദേശിച്ചത്. പഞ്ചായത്ത്, പൊതുമരാമത്ത് അധികൃതരുമായി നടത്തിയ ചർച്ചയിൽ ഉരുത്തിരിഞ്ഞ വിവരങ്ങൾ ജില്ലാ കളക്ടർക്ക് റിപ്പോർട്ട് നൽകുമെന്ന് സംഘം അറിയിച്ചു.
നെല്ലിയാമ്പതി പഞ്ചായത്ത് പ്രസിഡന്റ് പ്രിൻസ് ജോസഫ്, സെക്രട്ടറി കിൻസ് ബോയ്, വികസനകാര്യ ചെയർമാൻ സഹനാഥൻ, പിഡബ്ല്യുഡി നിരത്ത് വിഭാഗം എഇ സുനിൽകുമാർ, ആലത്തൂർ സോയിൽ കൺസർവേഷൻ ഓഫീസർ പ്രിൻസ് ടി. കുര്യൻ, ഹസാർഡ് അനലിസ്റ്റ് ലേഖ ചാക്കോ, ജിയോളജിസ്റ്റ് എം.വി. വിനോദ്, വി.ജെ. രാഹുൽ, തദ്ദേശസ്വയംഭരണ മാസ്റ്റർ പ്ലാൻ കോ-ഓർഡിനേറ്റർ ആഷ വി.കെ. മേനോൻ, ചിറ്റൂർ തഹസിൽദാർ എൻ. മുഹമ്മദ് റാഫി എന്നിവരടങ്ങിയ സംഘമാണ് മണ്ണിടിച്ചിൽ ഉണ്ടായ സ്ഥലം സന്ദർശിച്ചത്.