കാഞ്ഞിരക്കടവിലെ കുരുന്നുകളുടെ ആവശ്യംകേട്ട് അതിശയിച്ച് എംപി
1549329
Saturday, May 10, 2025 1:07 AM IST
മലമ്പുഴ: സാറേ ഞങ്ങൾക്ക് റോഡ് വേണമെന്ന് വി.കെ. ശ്രീകണ്ഠൻ എംപിയോട് ആവശ്യപ്പെട്ടത് കാഞ്ഞിരക്കടവിലെ കുരുന്നുവാദ്യക്കാർ. എംപി ക്കും കൂടെയുണ്ടായിരുന്നവർക്കും കുട്ടികളുടെ ഈ ആവശ്യം കേട്ട് അത്ഭുതം. വല്ല വാദ്യ ഉപകരണങ്ങൾ ആവശ്യപ്പെടുമെന്നാണ് കരുതിയത് എന്നാൽ വലിയവർ പറയേണ്ട കാര്യം ഇവർ പറഞ്ഞപ്പോൾ അതിശയമായി എന്ന് എംപി. പിന്നെ കൂട്ടികളോടായ് പറഞ്ഞു"ശ്രമിക്കാട്ടോ’.
കാഞ്ഞിരക്കടവിൽ റെയിൽവേപാളത്തിൽ തീവണ്ടിമുട്ടിചത്ത ഒമ്പത് കറവപശുക്കളുടെ ഉടമ അനന്തകൃഷ്ണന് കാലികളെ നൽകാൻ എത്തിയതായിരുന്നു വി.കെ. ശ്രീകണ്ഠൻ എംപി. നേതാക്കളും നാട്ടുകാരും എംപി യെ കാത്തുനിൽക്കുമ്പോൾ കാലിയായ പെയിന്റ് ടിന്നുകൾ, കേടുവന്ന അലുമിനിയം ചട്ടി എന്നിവ ഉപയോഗിച്ച് വാദ്യമേളം നടത്തുന്ന കുരുന്നുകളെ കണ്ടപ്പോൾ കൗതുകം തോന്നി കണ്ടുനിന്നവർ പ്രോത്സാഹിപ്പിച്ചു.
പത്തുമിനിറ്റ് കഴിഞ്ഞപ്പോൾ എംപി എത്തി. കുട്ടികളുടെ വാദ്യമേളം അൽപനേരം ആസ്വദിച്ച ശേഷം കുട്ടികളെ ചേർത്തുപിടിച്ച് നിങ്ങളുടെ വാദ്യമേളം നന്നായിട്ടുണ്ട് നിങ്ങൾക്ക് എന്താണ് വേണ്ടതെന്ന എംപി യുടെ ചോദ്യത്തിനാണ് ‘ഞങ്ങൾക്ക് റോഡ് വേണം സാറേ’ എന്ന് കുരുന്നുകൾ ആവശ്യപ്പെട്ടത്. റോഡ് ആവശ്യപ്പെട്ടുകൊണ്ട് രണ്ടു ദിവസം മുമ്പ് നാട്ടുകാർ എംപിക്ക് നിവേദനം നൽകിയിരുന്നു.