എന്റെ കേരളം പ്രദർശന-വിപണനമേള ഇന്നു സമാപിക്കും
1549321
Saturday, May 10, 2025 1:07 AM IST
പാലക്കാട്: സംസ്ഥാന സർക്കാരിന്റെ നാലാം വാർഷികത്തോടനുബന്ധിച്ച് സ്റ്റേഡിയം ബസ് സ്റ്റാന്റിന് സമീപത്തെ മൈതാനത്ത് കഴിഞ്ഞ ഒരാഴ്ചയായി നടക്കുന്ന എന്റെ കേരളം പ്രദർശന-വിപണനമേളയ്ക്ക് ഇന്ന് സമാപനം. വിവിധ വകുപ്പുകളുടെ ശീതീകരിച്ച 250 ഓളം സ്റ്റാളുകൾ മേളയുടെ ഭാഗമായി.
എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ നേതൃത്വത്തിൽ തൊഴിൽമേള, വനിത ശിശു വികസന വകുപ്പിന്റെ നേതൃത്വത്തിൽ കുട്ടികൾക്കും കൗമാരക്കാർക്കുമായി സൗജന്യ കൗൺസിലിംഗ്, പോലീസ് ഡോഗ് ഷോ, കുടുംബശ്രീയുടെ നേതൃത്വത്തിൽ കൈമാറ്റചന്ത, ഫിഷ് സ്പാ, എ.ഐ പ്രദർശനവും ക്ലാസും, പാലക്കാടൻ രുചി വൈഭവങ്ങളോടുകൂടിയ ഫുഡ് കോർട്ട്, സൗജന്യ കുതിര സവാരി, ആധാർകാർഡ് എടുക്കാനും തെറ്റ് തിരുത്താനുൾപ്പെടെ അക്ഷയയുടെ പ്രത്യേക സ്റ്റാൾ, സഹകരണ വകുപ്പിന്റെ പുഷ്പമേള, വിലക്കുറവിൽ കർഷകർ ഉത്പാദിപ്പിക്കുന്ന ഉത്്പന്നങ്ങളുടെ പ്രദർശനം തുടങ്ങി വിവിധ വകുപ്പുകളുടെ വ്യത്യസ്തമായ സ്റ്റാളുകളായിരുന്നു മേളയുടെ പ്രധാന ആകർഷണം.
സമാപന സമ്മേളനം വൈകീട്ട് ആറിന് മന്ത്രി എം.ബി രാജേഷ് ഉദ്ഘാടനം ചെയ്യും. മന്ത്രി കെ. കൃഷ്ണൻകുട്ടി അധ്യക്ഷനാവും. എംപിമാർ, എംഎൽഎമാർ, വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കൾ, വകുപ്പ്തല ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുക്കും.