പനങ്കുറ്റി താമരപ്പിള്ളിയിൽ കാട്ടാനക്കൂട്ടം റബർ മരങ്ങൾ നശിപ്പിച്ചു
1373444
Sunday, November 26, 2023 2:10 AM IST
വടക്കഞ്ചേരി: റബർ മരങ്ങൾക്കും രക്ഷയില്ല. കിഴക്കഞ്ചേരി പഞ്ചായത്തിലെ പനങ്കുറ്റി താമരപ്പിള്ളിയിൽ കാട്ടാനക്കൂട്ടമെത്തി റബർ മരങ്ങൾ കൂട്ടത്തോടെ തള്ളിയിട്ട് നശിപ്പിച്ചു. രണ്ട് റബർ മരങ്ങളുടെ ഇലകളും ആനകൾ തിന്നിട്ടുണ്ട്.
റബറിന്റെ ചെറുമരങ്ങൾ ആനകൾ നശിപ്പിക്കാറുണ്ടെങ്കിലും പത്തും പന്ത്രണ്ടും വർഷം പ്രായമുള്ള വലിയ റബർ മരങ്ങൾ മറിച്ചിട്ട് അതിലെ ഇലകൾ തിന്നുന്നത് ഇതാദ്യമാണെന്ന് തോട്ടം ഉടമയായ പന്തലാംപാടം മലേകണ്ടത്തിൽ ജോർജ് പറഞ്ഞു.
മലേകണ്ടത്തിൽ സാബുവിന്റേയും സമീപത്തെ തോട്ടങ്ങളിലെയും റബർ മരങ്ങളും മറ്റു ഫലവൃക്ഷങ്ങളും ആനകൾ നശിപ്പിച്ചിട്ടുണ്ട്. ജോർജിന്റേയും സാബുവിന്റേയും 10 വലിയ റബർ മരങ്ങളാണ് തള്ളിയിട്ട് നശിപ്പിച്ചിട്ടുള്ളത്.
വനാതിർത്തികളിൽ കാട്ടുമൃഗങ്ങളുടെ കാര്യമായ ഉപദ്രവം ഇല്ലാതെ കൃഷി ചെയ്യാമായിരുന്ന വിളയായിരുന്നു റബർ. എന്നാൽ ആനകൾ റബർ മരങ്ങൾ നശിപ്പിക്കാൻ തുടങ്ങിയാൽ പിന്നെ വനാതിർത്തികളിലെ തോട്ടങ്ങളിൽ യാതൊരു കൃഷിയും ചെയ്യാനാകാത്ത സ്ഥിതി വരും. ടാപ്പിംഗ് നടത്തുന്ന റബർ മരങ്ങളാണ് ഇത്തരത്തിൽ ആനകൾ മറിച്ചിടുന്നത്.
ഇവിടെ വനാതിർത്തിയിലെ സോളാർ വൈദ്യുത വേലി പ്രവർത്തിക്കാത്തതാണ് പീച്ചി കാട്ടിൽ നിന്നുള്ള ആനകൾ സ്ഥിരമായി തോട്ടങ്ങളിൽ എത്താൻ കാരണമാകുന്നതെന്ന് കർഷകർ പറഞ്ഞു. വൈദ്യുത വേലിയിൽ പൊന്തക്കാടും വള്ളിപടർപ്പുകളും കയറിയപ്പോൾ ലൈൻ പ്രവർത്തനക്ഷമമാക്കുന്നതിനു പകരം ലൈനെല്ലാം വനം വകുപ്പു തന്നെ വിച്ഛേദിച്ചിരിക്കുകയാണെന്നാണ് ആക്ഷേപം.
ഇത് സംബന്ധിച്ച് കർഷകർ സംഘടിച്ച് പീച്ചി വന്യമൃഗസംരക്ഷണ കേന്ദ്രത്തിനു കീഴിലുള്ള ഒളകര ഫോറസ്റ്റ് സ്റ്റേഷനിൽ പരാതിപ്പെട്ടെങ്കിലും ദിവസങ്ങളേറെ പിന്നിട്ടിട്ടും വൈദ്യുതവേലി പുനഃസ്ഥാപിക്കാൻ വനം വകുപ്പ് നടപടിയെടുത്തിട്ടില്ല.
പണിക്കാരില്ലെന്ന് പറഞ്ഞാണ് വനം വകുപ്പ് പ്രവൃത്തി നീട്ടിക്കൊണ്ടുപോകുന്നത്. ഇതിനെതിരെ വകുപ്പ് മന്ത്രിക്കുൾപ്പെടെ പരാതി നൽകാനുള്ള നീക്കത്തിലാണ് കർഷകർ.