പാലക്കുഴി തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതി: പവർഹൗസിന്റെ നിർമാണ പ്രവൃത്തികൾ തുടങ്ങി
1373216
Saturday, November 25, 2023 1:57 AM IST
വടക്കഞ്ചേരി: പാലക്കുഴി മലയോരവാസികളുടെ സ്വപ്ന പദ്ധതിയായ തിണ്ടില്ലം മിനി ജലവൈദ്യുത പദ്ധതിയുടെ ശേഷിച്ച നിർമാണ പ്രവൃത്തികൾക്ക് ഇന്നലെ തുടക്കം കുറിച്ചു. ജില്ലാ പഞ്ചായത്ത് മെംബർ അനിത പോൾസൺ പവർഹൗസ് കെട്ടിടത്തിനുള്ള പില്ലറിന്റെ ശിലാസ്ഥാപനം നടത്തി ഉദ്ഘാടനം ചെയ്തു.
പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണൻ, മെംബർ പോപ്പി ജോൺ, പദ്ധതി നടപ്പിലാക്കുന്ന ജില്ലാ പഞ്ചായത്തിന്റെ പാലക്കാട് സ്മോൾ ഹൈഡ്രോ കമ്പനി ചീഫ് എൻജിനീയറും കെഎസ്ഇബി റിട്ട. ചീഫ് എൻജിനീയറുമായ പ്രസാദ് മാത്യു, സ്റ്റേഷൻ എൻജിനീയർ ഷാരോൺ സാം, സിവിൽ എൻജിനീയർ ബേസിൽ ബേബി, കരാർ കമ്പനി പ്രതിനിധികൾ തുടങ്ങിയവർ പങ്കെടുത്തു. പവർഹൗസിനായുള്ള കെട്ടിട നിർമാണവും മറ്റു സിവിൽ വർക്കുകളും പെൻസ്റ്റോക്ക് പൈപ്പുകൾ സ്ഥാപിക്കലുമാണ് പുതിയ കരാർ കമ്പനിയായ എറണാകുളം ഇടപ്പള്ളിയിലെ പാൻ പസഫിക് എന്ന കമ്പനിക്ക് ചെയ്യാനുള്ളത്.
ഒരു വർഷത്തിനുള്ളിൽ ഈ വർക്കുകൾ പൂർത്തിയാകുമെന്ന് ചീഫ് എൻജിനീയർ പ്രസാദ് മാത്യു, സ്റ്റേഷൻ എൻജിനീയർ ഷാരോൺ സാം എന്നിവർ പറഞ്ഞു. 4. 48 കോടി രൂപയാണ് ഇതിനായി കരാർ കമ്പനിക്ക് അനുവദിക്കുക. പാലക്കുഴി അഞ്ചുമുക്കിലെ തടയണയിൽ നിന്നും 294 മീറ്റർ ദൂരത്തിൽ ലൊ പ്രഷർ പൈപ്പും തുടർന്ന് പവർഹൗസ് വരെയുള്ള 438 മീറ്റർ ദൂരത്തിൽ ഹൈ പ്രഷർ പെൻസ്റ്റോക്ക് പൈപ്പുകളുമാണ് സ്ഥാപിക്കുന്നത്. 60 സെന്റീമീറ്റർ വ്യാസം വരുന്നതാണ് ഈ പൈപ്പുകൾ. പെൻസ്റ്റോക്ക് പൈപ്പ് പവർഹൗസിനടുത്തെത്തുമ്പോൾ രണ്ടായി തിരിച്ച് 500 കിലോവാട്ടിന്റെ രണ്ട് ജനറേറ്ററുകൾ പ്രവർത്തിപ്പിച്ചാണ് വൈദ്യുതി ഉല്പാദനം നടത്തുക.
വർഷത്തിൽ 3.78 മില്ല്യൺ യൂണിറ്റ് വൈദ്യുതി ഉത്പാദനമാണ് ലക്ഷ്യം വച്ചിട്ടുള്ളത്. തടയണയിൽ നിന്നും പവർഹൗസിലേക്ക് പെൻസ്റ്റോക്ക് പൈപ്പുകൾ സ്ഥാപിക്കുന്ന ഭാഗത്തെ എഴുപതോളം മരങ്ങൾ മുറിച്ചു മാറ്റേണ്ടതുണ്ട്. വന പ്രദേശമായതിനാൽ വനം വകുപ്പാണ് ഇത് ചെയ്യേണ്ടത്. ഇവിടെ മരങ്ങൾ മുറിക്കുന്നതിന് പകരമായി മറ്റൊരിടത്ത് മരങ്ങൾ വച്ചുപിടിപ്പിക്കുന്നതിന് 37 ലക്ഷം രൂപയും ജില്ലാ പഞ്ചായത്തിന്റെ ഹൈഡ്രോ കമ്പനി കെട്ടിവച്ചിട്ടുണ്ടെന്നും അധികൃതർ പറഞ്ഞു.
വെള്ളച്ചാട്ടത്തിനു താഴെ കൊന്നക്കൽകടവിലാണ് പവർഹൗസിന്റെ നിർമാണം നടക്കുന്നത്. ഉത്പാദിപ്പിക്കുന്ന വൈദ്യുതി കെഎസ്ഇബി ക്ക് കൈമാറും. ജൂൺമാസം മുതൽ ഏഴുമാസ കാലമാണ് വൈദ്യുതി ഉത്പാദനം നടക്കുക. തുടർന്നുള്ള മാസങ്ങളിൽ ജല ലഭ്യതക്കനുസരിച്ചാകും ഉത്പാദനം.
അതേ സമയം, ജില്ലാ പഞ്ചായത്തിന്റെ മൂന്നാമത്തെ മിനി ജലവൈദ്യുത പദ്ധതിയായി പാലക്കയം വട്ടപ്പാറ വെള്ളച്ചാട്ടം പ്രയോജനപ്പെടുത്തുമെന്ന് ചീഫ് എൻജിനീയർ പ്രസാദ് മാത്യു പറഞ്ഞു.