സ്വകാര്യ വിമാന കമ്പനിയെ പാഠം പഠിപ്പിച്ച് രാജൻ
1373214
Saturday, November 25, 2023 1:57 AM IST
ഒറ്റപ്പാലം: വിമാന കമ്പനിക്കാരെ കൊണ്ട് മാപ്പും പറയിച്ച് നഷ്ടപരിഹാരവും വാങ്ങി ഒറ്റപ്പാലം സ്വദേശി രാജൻ. 2015 മെയ് മാസത്തിലാണ് ഇത് സംബന്ധിച്ച സംഭവങ്ങളുടെ തുടക്കം. ദുബായ് സന്ദർശനം കഴിഞ്ഞു മടങ്ങുന്നതിനിടെയാണ് രാജനും കുടുംബത്തിനും വലിയ വിഷമമുണ്ടാക്കിയ സംഭവം നടന്നത്.
ചെന്നൈയിൽ എക്സ്പോർട്ടിംഗ് സ്ഥാപനം നടത്തി വരുന്ന പുലാപ്പറ്റശേരി കരിവീട്ടിൽ രാജനെയും കുടുംബത്തെയും സ്വകാര്യ വിമാന കമ്പനി ടിക്കറ്റില്ലെന്ന കാരണം നിരത്തി ബുദ്ധിമുട്ടിക്കുകയായിരുന്നു.
രാജനും കുടുംബാംഗങ്ങളും ഉൾപ്പെട്ട സംഘം അഞ്ചു ദിവസത്തെ ഹോളിഡേ ട്രിപ്പിനു പോയതായിരുന്നു. ദുബായിയും അബുദാബിയും സന്ദർശിച്ച് മേയ് 30നു ചെന്നൈയിലേക്കു മടക്കയാത്രയ്ക്ക് ദുബായ് എയർപോർട്ടിൽ എത്തിയപ്പോൾ, രാജന്റേയും മകൻ രഞ്ജിത്തിന്റേയും പേരുകൾ കന്പ്യൂട്ടർ സംവിധാനത്തിലും എമിഗ്രേഷൻ സിസ്റ്റത്തിലും കാണുന്നില്ലെന്നും ഇവരുടെ പേരിൽ ടിക്കറ്റില്ലെന്നും പറഞ്ഞ് 4 മണിക്കൂറോളമാണ് ഇവരെ മാനസികമായി പ്രയാസപ്പെടുത്തിയത്. മലയാളിയായ കസ്റ്റംസ് ഓഫീസർ ഇടപെട്ടാണു വിമാനം പറന്നുയരാൻ നിമിഷങ്ങൾ മാത്രം ശേഷിക്കെ ഇവർക്കു ബോർഡിംഗ് പാസ് ലഭിച്ചത്. ചെന്നൈയിലെ ട്രാവൽ ഏജൻസി മുഖേനയാണ് ദുബായ്ക്കും തിരിച്ചുമുള്ള ടിക്കറ്റുകൾ എടുത്തിരുന്നത്.
ചെന്നൈയിൽ തിരിച്ചെത്തിയ രാജൻ അഭിഭാഷകൻ മുഖേന വിമാനക്കമ്പനിക്കു പരാതി അയച്ചു. മറുപടിയായി സ്വകാര്യ വിമാന സർവീസ് കമ്പനി മാപ്പു പറഞ്ഞു കത്തയച്ചു. ഇനി യാത്ര ചെയ്യുന്നുണ്ടെങ്കിൽ വിൻഡോ സീറ്റും സൗജന്യ ഭക്ഷണവും അനുവദിക്കാമെന്ന വാഗ്ദാനവും നൽകി. ചെന്നൈയിലെ ഉപഭോക്തൃ കോടതിയെ സമീപിച്ചിരുന്ന രാജന് 21,500 രൂപ നഷ്ടപരിഹാരം വിമാന കമ്പനിക്ക് നൽകേണ്ടിവന്നു.