ജോയിയുടെ ഡയറി ഫാമിൽ പാൽ സമൃദ്ധിയുടെ വിജയഗാഥ
1373212
Saturday, November 25, 2023 1:57 AM IST
ബോബൻ ജോർജ്
മംഗലംഡാം: ശുദ്ധമായ പശുവിൻ പാൽ ഗുണനിലവാരത്തോടെ ഉപയോഗിക്കുക എന്ന ലക്ഷ്യവുമായി തുടക്കം കുറിച്ച ഡയറി ഫാം ഇന്ന് ദിവസേന 200 ലിറ്ററിലേറെ സൊസൈറ്റിയിൽ അളന്നു നൽകി പാൽ സമൃദ്ധിയുടെ വിജയഗാഥ രചിക്കുകയാണ് മംഗലം ഡാം സ്വദേശി ജോയ് എബ്രഹാം.
15 വർഷങ്ങൾക്കു മുമ്പ് ഒരു പശുവിനെ വളർത്തി പാൽ അളന്നു കൊടുത്തു തുടങ്ങിയ മംഗലംഡാം കൂനാംപുറത്ത് ജോയ് എബ്രഹാം ആണ് ക്ഷീര കർഷകർക്ക് മാതൃകയായി മാറിയത്. സെന്റ്് സേവിയേഴ്സ് എന്ന പേരിൽ കാറ്ററിംഗ് സർവീസ് നടത്തിവരുന്ന ജോയ് തന്റെ തൊഴിൽ മേഖലയിൽ ഗുണനിലവാരമുള്ള പാൽ നൽകണമെന്ന് തീരുമാനിച്ചതാണ് പശു വളർത്തൽ വിപുലപ്പെടുത്താൻ തീരുമാനിച്ചത്.
ബ്രസീൽ ഇനമായ ഹോൾസ്റ്റൈൻ ഫ്രീഷ്യർ, സിന്ധി, ജഴ്സി തുടങ്ങിയ ഇനങ്ങൾ ഉൾപ്പെട്ടതാണ് പശുക്കൾ. 35 ഓളം പശുക്കളെയാണ് ഇപ്പോൾ പരിപാലിക്കുന്നത്. ഇവയിൽ 20 എണ്ണം ഇപ്പോൾ കറവയുള്ളതാണ്.
മ ണിക്കുട്ടി, നന്ദിനി, മാളു, സുന്ദരി, പൊന്നു തുടങ്ങി എല്ലാ പശുക്കൾക്കും ഓമനപ്പേരും നൽകിയിട്ടുണ്ട്. മെഷീൻ ഉപയോഗിച്ചാണ് പാൽ കറക്കുന്നത്. നേപ്പാളി തൊഴിലാളികളാണ് സഹായികളായിട്ടുള്ളത്.
ചോളം, വൈക്കോൽ, പുല്ല്, കാലിത്തീറ്റ ഇതെല്ലാം നൽകി പശുക്കളുടെ ആരോഗ്യം കൃത്യമായി സംരക്ഷിക്കുകയും ശാസ്ത്രീയമായ രീതിയിൽ പരിപാലിക്കുകയും ചെയ്യുന്നു എന്നതാണ് ക്ഷീരോത്പാദനം വർധിക്കുന്നതിന് കാരണമെന്നും ജോയി പറയുന്നു. പശുക്കളെ തൊഴുത്തിന് പുറത്തേക്ക് ഇറക്കാതെ രണ്ടു നേരവും കുളിപ്പിക്കുകയും ഇടവേളകളിൽ തൊഴുത്തും കഴുകി വൃത്തിയാക്കുന്നതിനാലും പശുക്കൾക്ക് രോഗബാധയില്ലെന്നും ജോയ് പറഞ്ഞു. വേനൽക്കാലത്ത് മേൽക്കൂരയ്ക്ക് മുകളിൽ സ്പ്രിംഗ്ലർ ഘടിപ്പിച്ച് നനയ്ക്കുന്നതിനാൽ ചൂട് കുറയുകയും പശുക്കൾക്ക് പ്രതിരോധ ശേഷി വർധിക്കുകയും ചെയ്യും.
മംഗലംഡാം മേഖലയുടെ കാർഷിക പാരമ്പര്യത്തോടൊപ്പം ക്ഷീര സംരംഭവും ഒന്നിച്ച് മുന്നോട്ടുപോകുന്നത് കുടിയേറ്റ കർഷകരുടെ ചരിത്രമാണ്. ഇവിടെയാണ് പാൽപുഞ്ചിരിയോടെ ജോയിയും അധ്യാപികയായ ഭാര്യ ലിനിയും ക്ഷീര മേഖലയുടെ വിജയത്തിന് മാതൃകയായി മാറുന്നത്.
മക്കളായ എബ്രഹാമും, അന്നയും എമിനും ഒഴിവു സമയങ്ങളിൽ ഫാമിൽ സേവനത്തിനെത്തും. വിദ്യാലയങ്ങളിൽ നിന്നും ഡയറി ഫാമുകൾ സന്ദർശിച്ച് വിജ്ഞാനം നേടാൻ നിരവധി വിദ്യാർഥികൾ ഇവിടെ വരാറുണ്ട്. കഴിഞ്ഞ സെപ്റ്റംബറിൽ ജോയിയുടെ പിറന്നാളിന് മകൻ എബ്രഹാം സമ്മാനമായി നൽകിയത് മൂന്ന് പോത്തുകളെയാണ്. ഇവയ്ക്ക് പ്രത്യേക ഇടം നിർമിച്ച് ഇവയെ പരിപാലിക്കുന്ന ചുമതലയും ജോയ് ഏറ്റെടുത്തിട്ടുണ്ട്.