കടപ്പാറയിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്ക്, നിറഞ്ഞ് പതഞ്ഞ് ആലിങ്കൽ വെള്ളച്ചാട്ടം
1339847
Monday, October 2, 2023 12:43 AM IST
മംഗലംഡാം: തെന്മല നാടിന് മനോഹരകാഴ്ചയൊരുക്കി ആലിങ്കൽ വെള്ളച്ചാട്ടം. അലകളും നുരയും തീർത്ത് പായുമ്പോൾ കടപ്പാറയിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കും കൂടുന്നു. പോത്തൻതോട്ടിലൂടെ ഒഴുകിയെത്തുന്ന ജലവും ആലിങ്കൽ വെള്ളച്ചാട്ടവും തിപ്പിലിക്കയത്ത് ഒന്നിച്ച് ചേർന്ന് മംഗലം ഡാമിലേയ്ക്ക് ഒഴുകിയെത്തുന്ന കാഴ്ച ഹൃദ്യമാണ്.
പാറക്കെട്ടുകളും അടർന്നുവീണ ചെറുകല്ലുകളും നിറഞ്ഞുകിടക്കുന്ന പോത്തൻതോട് കടന്ന് ഒരു കുന്നുകയറിയാലാണ് ആലിങ്കൽ വെള്ളച്ചാട്ടം ദൃശ്യമാവുക.
150 അടി ഉയരത്തിൽ നിന്നും വെള്ളം പാറക്കെട്ടുകളിലേയ്ക്ക് ഇടതടവില്ലാതെ പതിക്കുമ്പോഴുള്ള ശബ്ദവും കാനന സൗന്ദര്യത്തിന്റെ മനോഹരമായ പ്രകൃതിയുടെ കാഴ്ചകളും സമന്വയിക്കുന്നത് വിനോദസഞ്ചാരികൾക്ക് മറക്കാനാവാത്ത വിരുന്നായി മാറുന്നു. സാഹസിക ടൂറിസം ആഗ്രഹിക്കുന്നവർ ആലിങ്കൽ വെള്ളച്ചാട്ടത്തിന്റെ പാറക്കെട്ടുകളിൽ കയറിയിറങ്ങുന്നത് സാധാരണമാണ്. മംഗലംഡാം ടൗണിൽ നിന്നും 15 കിലോമീറ്റർ അകലെയാണ് ആലിങ്കൽ വെള്ളച്ചാട്ടം.
ടൂറിസം ഭൂപടത്തിൽ ഇടംപിടിച്ച മംഗലം ഡാമിന്റെ വികസനപദ്ധതിയിൽ ആലിങ്കൽ വെള്ളച്ചാട്ടവും ഉൾപ്പെടുത്തിയാൽ അത് നേട്ടമാവും. കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കുന്നതിന് ഇവിടേയ്ക്കുള്ള റോഡിന്റെ വീതി കൂട്ടുകയും പോത്തൻതോട് പാലത്തിന് സമീപമായി വാഹനങ്ങൾക്ക് പാർക്കിംഗ് സംവിധാനം ഒരുക്കുകയും ചെയ്യണം. ആലിങ്കൽ വെള്ളച്ചാട്ടം സന്ദർശിക്കുന്ന സഞ്ചാരികളുടെ സുരക്ഷ സംബന്ധിച്ച് യാതൊരു മാനദണ്ഡവും നിലവിലില്ല.
ദൂരസ്ഥലങ്ങളിൽ നിന്നുള്ളവർ പോലും ഇപ്പോൾ ആലിങ്കൽ വെള്ളച്ചാട്ടം കാണുന്നതിന് വരുന്നുണ്ട്. രണ്ടുവർഷം മുമ്പ് ഗ്രാമീണ മേഖലകളിലെ വിനോദസഞ്ചാര കേന്ദ്രങ്ങൾ ജനപ്രിയമാക്കുന്നതിന്റെ ഭാഗമായി ടൂറിസം വകുപ്പ് മംഗലംഡാമിലും വികസന പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചിരുന്നു.
എന്നാൽ ടൂറിസം മേഖലയെ പരിപോഷിപ്പിക്കുന്നതിന് കൃത്യമായ പദ്ധതികളും പ്രവർത്തനങ്ങളും ഇല്ല എന്നുള്ള പരാതിയും ഉയരുന്നു.