സ്റ്റോപ്പ് മെമ്മോയ്ക്ക് അവഗണന കുളം നികത്തി കൃഷിസ്ഥലം ഒരുക്കുന്നതായി പരാതി
1339549
Sunday, October 1, 2023 1:51 AM IST
നെന്മാറ: സ്റ്റോപ്പ് മെമ്മോ അവഗണിച്ച് കുളത്തിൽ കൃഷി ചെയ്ത സ്ഥലം വില്ലേജ് അധികൃതർ പരിശോധിച്ചു. റവന്യു അധികൃതരുടെ നിർദേശം അവഗണിച്ച് കഴിഞ്ഞ രണ്ടു വർഷമായി അയിലൂർ കാരക്കാട് പറമ്പിൽ വാഴയും തെങ്ങും കൃഷി തുടങ്ങിയിരുന്നു.
അയിലൂർ കാരക്കാട്ട് പറമ്പ് - പതിയപ്പടി നെല്ലുല്പാദക സമിതിയുടെ പരാതി പ്രകാരമാണ് അയിലൂർ വില്ലേജ് ഓഫീസർ സുരേഷ് കുമാർ, സ്പെഷ്യൽ വില്ലേജ് ഓഫീസർ എം.വി. സിന്ധു, കൃഷി ഉദ്യോഗസ്ഥൻ സി.സന്തോഷ്, പഞ്ചായത്ത് അംഗം കെ.പുഷ്പാകരൻ, പാടശേഖര സമിതി സെക്രട്ടറി ശശി, പ്രസിഡന്റ് രാജൻ, കർഷകർ എന്നിവർ അയിലൂർ കാരക്കാട് പറമ്പിലുള്ള സ്ഥലം പരിശോധനയ്ക്ക് പോയത്.
2021ൽ സ്റ്റോപ്പ് മെമ്മോ നല്കിയത് മറികടന്ന് സ്ഥലം ഉടമ ചന്ദ്രൻ 2022ലും ഇപ്പോഴും കുളത്തിന്റെ വശങ്ങളിൽ വാഴയും തെങ്ങും കൃഷി ചെയ്ത കാര്യം ഉന്നത ഉദ്യോഗസ്ഥർക്ക് മേൽ നടപടിക്കായി റിപ്പോർട്ട് ചെയ്യുമെന്ന് വില്ലേജ് അധികൃതർ അറിയിച്ചു. കനാൽ വെള്ളം വന്നാൽ കുളത്തിൽ വെള്ളം സംഭരിക്കാൻ അനുവദിക്കാറില്ലെന്നും കർഷകർ പറഞ്ഞു.
കുളം ഇല്ലാതായാൽ താഴെയുള്ള നിരവധി കർഷകർക്ക് നെല്ല് കൃഷി ചെയ്യാൻ കഴിയില്ലെന്നും അതിനാൽ കുളം നികത്തുന്നത് തടയണമെന്നും അയിലൂർ കാരക്കാട്ട് പറമ്പ് പതിയപ്പടി നെല്ലുൽപാദക സമിതി ആവശ്യപ്പെട്ടു.
വെള്ളമില്ലാതെ പാഴ്ച്ചെടികൾ വളർന്നു നിന്ന കുളത്തിന്റെ വശങ്ങൾ കൃഷിയോഗ്യമാക്കുക മാത്രമാണ് ചെയ്തതെന്നും മണ്ണിട്ട് നികത്തുകയോ മറ്റു രീതിയിൽ പരിവർത്തനപ്പെടുത്തുകയോ ചെയ്തിട്ടില്ലെന്നും പഴയ കുളത്തിന്റെ നടുവിലൂടെ വെള്ളം പോകുന്നതിനുള്ള ചാൽ നിലനിർത്തിയിട്ടുണ്ടെന്നും കുളത്തിന്റെ ഉടമ ചന്ദ്രൻ പറഞ്ഞു.
പാഴ് സ്ഥലങ്ങൾ കൃഷിയോഗ്യമാക്കുക എന്ന സർക്കാർ നയത്തിന് അനുസൃതമായാണ് കൃഷി ചെയ്തിട്ടുള്ളതെന്നും സ്ഥലം ഉടമ പറയുന്നു.