തെരുവുനായ്ക്കൾ കലിതുള്ളുന്നു
1339088
Friday, September 29, 2023 12:27 AM IST
ൊഷൊർണൂർ: തെരുവുനായ ശല്യം പരിഹരിക്കുന്നതിൽ സർക്കാർ നടപടികളെല്ലാം പ്രഹസനമാ കുന്നു.
തൃത്താല കുമ്പിടിയിൽ കഴിഞ്ഞദിവസം രണ്ടര വയസുകാരനെയാണ് തെരുവുനായ കടിച്ചു കീറിയത്. ഭാഗ്യം കൊണ്ട് മാത്രമാണ് കുട്ടി രക്ഷപ്പെട്ടത്. നായയുടെ ആക്രമണത്തിൽ ഒരു ചെവി തന്നെ ഈ കുരുന്നിന് നഷ്ടമായി.
തൃത്താലയിലും പട്ടാമ്പിയിലും ഷൊർണൂരിലും ഒറ്റപ്പാലത്തുമെല്ലാം തെരുവുനായ്ക്കളുടെ ശല്യം പതിമടങ്ങ് വർദ്ധിച്ചിട്ടുണ്ട്. പലപ്പോഴും ഇവ ആക്രമണകാരികളാകുന്ന സാഹചര്യവും ഇപ്പോൾ ഉണ്ട്.
ആത്മരക്ഷയ്ക്കായി എന്തെങ്കിലും കരുതാതെ റോഡിൽ ഇറങ്ങാൻ കഴിയാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ഇളം കുരുന്നുകൾക്കും പ്രായമായവർക്കും വീട്ടിൽ വരെ തെരുവ് നായ്ക്കളെ ഭയക്കാതെ കഴിയാൻ പറ്റാത്ത അവസ്ഥയാണ് ഉള്ളത്. ഭൂരിഭാഗം നഗരങ്ങളിലും പരിസരപ്രദേശങ്ങളിലും റോഡിലൊന്നിറങ്ങണമെങ്കിൽ കൈയിൽ വടി കരുതേണ്ട സ്ഥിതിയാണെന്ന് അനുഭവസ്ഥർ പറയുന്നു.
ഓരോ ദിവസം കഴിയുംതോറും തെരുവുനായ ശല്യം രൂക്ഷമാവുകയാണ്. ജൂൺ മാസത്തിൽ ഒറ്റപ്പാലത്തും പരിസരപ്രദേശത്തുമായി 15-ലേറെ പേർക്കും തെരുവ് നായ്ക്കളുടെ കടിയേറ്റ് പരിക്ക് പറ്റിയിരുന്നു.
ഒറ്റപ്പാലം നഗരസഭയിലെ കണ്ണിയംപുറം, തോട്ടക്കര, പാലപ്പുറം, ആർ.എസ്. റോഡ്, അമ്പലപ്പാറ പഞ്ചായത്തിലെ പിലാത്തറ, അമ്പലപ്പാറ സെന്റർ, ആശുപത്രിപ്പടി, കടമ്പൂർ തുടങ്ങി വിവിധ സ്ഥലങ്ങളിലാണ് തെരുവുനായ്ക്കളുടെ ശല്യം വർധിച്ചുവരുന്നത്. റോഡരികുകളിൽ തള്ളുന്ന മാലിന്യം തിന്ന് അലഞ്ഞുതിരിഞ്ഞുനടക്കുന്ന തെരുവുനായ്ക്കൾ യാതൊരു പ്രകോപനങ്ങളും കൂടാതെയാണ് പലരെയും കടിക്കുന്നത്.
തെരുവുനായശല്യത്തിനെതിരേ മൃഗസംരക്ഷണ വകുപ്പിന്റെ നേതൃത്വത്തിൽ തെരുവുനായ ജനന നിയന്ത്രണ പദ്ധതി നടക്കുന്നുണ്ടെങ്കിലും ഡോക്ടർമാരുടെ കുറവുമൂലം നടപടികൾ കാര്യക്ഷമമല്ല. കഴിഞ്ഞ ഏഴുമാസത്തിനിടെ ഒറ്റപ്പാലം താലൂക്കിൽ ആകെ വന്ധ്യം കരിക്കാനായത് 540 നായ്ക്കളെയാണ്.
മാസത്തിൽ 200 ഓളം വന്ധ്യംകരണം നടക്കേണ്ട സ്ഥാനത്താണിത്. രണ്ട് ഡോക്ടർമാർ വേണ്ടസ്ഥാനത്ത് നിലവിൽ ഒറ്റപ്പാലത്ത് ഒരു ഡോക്ടറുടെ സേവനമാണുള്ളത്.