പത്താംതരം തുല്യതാ പരീക്ഷ പൂർത്തിയായി; വിജയപ്രതീക്ഷയിൽ പഠിതാക്കൾ
1337381
Friday, September 22, 2023 1:40 AM IST
വടക്കഞ്ചേരി: പത്താംതരം തുല്യതാ പരീക്ഷ കഴിഞ്ഞു. നല്ല വിജയപ്രതീക്ഷയിലാണ് പരീക്ഷ എഴുതിയ മുത്തശിന്മാരും അമ്മമാരും അച്ഛൻന്മാരും യുവജനങ്ങളുമൊക്കെ.
ഇംഗ്ലീഷും കണക്കും വിഷയങ്ങൾ കുറച്ചു വിഷമിപ്പിച്ചെങ്കിലും മറ്റു വിഷയങ്ങൾ എളുപ്പമായിരുന്നെന്നാണ് അമ്മമാർ പറയുന്നത്. കുട്ടികളിൽ നിന്നും വ്യത്യസ്തമായി പ്രായോഗിക അറിവുകൾ കൂടുതലുള്ളതിനാൽ മികവു പുലർത്താൻ കഴിഞ്ഞിട്ടുണ്ടെന്ന ആത്മവിശ്വാസമാണ് എല്ലാവരും പങ്കുവക്കുന്നത്.
ഒരു വിഷയത്തിൽ 35 മാർക്കെങ്കിലും കിട്ടണം കടമ്പ കടക്കാൻ . ജില്ലക്ക് നല്ല വിജയമാണ് പ്രതീക്ഷിക്കുന്നതെന്ന് സാക്ഷരതാ മിഷൻ ജില്ലാ കോ- ഓർഡിനേറ്റർ ഡോ.മനോജ് സെബാസ്റ്റ്യൻ പറഞ്ഞു.
ഒരു മാസത്തെ കാത്തിരിപ്പിനു ശേഷം റിസൾട്ട് വരും. രജിസ്റ്റർ ചെയ്ത 3700 പേരിൽ 2580 പേർ പരീക്ഷ എഴുതിയിട്ടുണ്ട്. കിഴക്കഞ്ചേരി, ആയക്കാട് ഉൾപ്പെടെ ജില്ലയിലെ 40 സെന്ററുകളിലായിരുന്നു ഇവർക്കുള്ള പഠനം നടന്നിരുന്നത്.