"സാരിയുടുത്ത്' നെൽപ്പാടങ്ങൾ
1337092
Thursday, September 21, 2023 12:56 AM IST
നെന്മാറ: നെൽകതിർ വിളഞ്ഞു തുടങ്ങിയ നെൽപ്പാടങ്ങളെ കാട്ടുപന്നിയിൽ നിന്നും രക്ഷിക്കാൻ ചെലവുകുറഞ്ഞ താൽക്കാലിക മാർഗങ്ങൾ തേടുകയാണ് കർഷകർ.
പാടവരമ്പുകളിലൂടെ പല വർണത്തിലുള്ള സാരികൾ ചുറ്റിയും, മുണ്ടുകൾ കെട്ടിയും, വർണ്ണക്കടലാസുകളും, കൊടി തോരണങ്ങളുണ്ടാക്കിയും രക്ഷയൊരുക്കുകയാണ് ഇപ്പോൾ.
ശബ്ദമുണ്ടാക്കുന്ന വസ്തുക്കൾ, വെളിച്ചം പ്രതിഫലിപ്പിക്കുന്ന വസ്തുക്കൾ, കമ്പികൾ, കയറുകൾ, പ്ലാസ്റ്റിക് ചാക്കുകൾ തുടങ്ങി ലഭ്യമാകുന്ന എല്ലാ വസ്തുക്കളും പാടവരമ്പുകളിൽ കെട്ടിത്തൂക്കിയും വലിച്ചു കെട്ടിയുമാണ് കർഷകരുടെ പെടാപ്പാട്.
പോത്തുണ്ടി, മാട്ടായി, കോതശ്ശേരി, അയ്യർ പള്ളം, അരിമ്പൂർപതി തുടങ്ങി നെൽപ്പാടങ്ങൾ ഉള്ള മേഖലകളിലെ കർഷകരാണ് രാപകൽ ഭേദമില്ലാതെ കാട്ടുപന്നിയിൽ നിന്നും നെൽകൃഷിയെ രക്ഷിക്കാൻ പരീക്ഷണങ്ങളുമായി മുന്നോട്ടു വരുന്നത്.
നെല്ല് വിളഞ്ഞു തുടങ്ങിയതോടെ കാട്ടുപന്നികൾ കൂട്ടത്തോടെ വന്ന് വിള നശിപ്പിക്കാൻ തുടങ്ങിയതാണ് കർഷകരെ ദുരിതത്തിലാക്കിയത്.