ചിതലരിച്ച്, വനിതാ വ്യവസായ കേന്ദ്രം
1336407
Monday, September 18, 2023 12:41 AM IST
ഒറ്റപ്പാലം: ലക്ഷങ്ങൾ ചെലവഴിച്ച് നിർമിച്ച ഒറ്റപ്പാലത്തെ വനിതാ വ്യവസായ കേന്ദ്രം ഉപയോഗമില്ലാതെ നശിക്കുന്നു.
നഗരസഭാ അധികൃതരുടെ അനാസ്ഥയാണ് ഇതിനു കാരണമെന്നാണ് പരാതി. വ്യവസായ കേന്ദ്രത്തിന്റെ കെട്ടിടം പ്രവർത്തനങ്ങളില്ലാതെ കാടുപിടിച്ചു കിടക്കുന്ന സ്ഥിതിയാണ്.
സ്ത്രീകളുടെ വ്യവസായിക ഉന്നമനത്തിനു വേണ്ടി പാലപ്പുറം 19-ാം വാർഡിലാണ് കെട്ടിടം നിർമിച്ചത്. പണി പൂർത്തിയാക്കി ഉദ്ഘാടനം നിർവഹിച്ച കെട്ടിടത്തിൽ ഇനിയും വൈദ്യുതി ലഭ്യമായിട്ടില്ല.
കുഴൽകിണർ നിർമിച്ചതല്ലാതെ പിന്നെ ഇവിടെ യാതൊരു അടിസ്ഥാന സൗകര്യങ്ങളും ഒരുക്കിയിട്ടുമില്ല. പ്രവർത്തനങ്ങൾ ഇല്ലാതെ നാഥനില്ലാ കളരിയായി കെട്ടിടം കാടുപിടിച്ചു കിടക്കുന്ന അവസ്ഥയാണ്.
പകൽ സമയത്തു പോലും മദ്യപാനവും മറ്റു അനാശാസ്യ പ്രവർത്തനങ്ങളും ഇവിടെ നടക്കുന്നതായി സമീപവാസികൾ പറയുന്നു. ഒറ്റപ്പാലം നഗരസഭയ്ക്ക് കെട്ടിടങ്ങൾ പണിയുന്നതിലുള്ള സംരക്ഷിക്കുന്നതിലും പ്രവർത്തിപ്പിക്കുന്നതിലും താല്പര്യം ഇല്ലെന്നതാണ് വിമർശനം.