എലവഞ്ചേരി വനത്തിനുള്ളിൽ പ്രമേഹം ബാധിച്ച് പുഴുവരിച്ച വൃദ്ധയെ സ്ട്രക്ചറിൽ ചുമന്ന് ആശുപത്രിയിലെത്തിച്ചു
1301554
Saturday, June 10, 2023 12:44 AM IST
കൊല്ലങ്കോട്: പ്രമേഹരോഗം ബാധിച്ച് ഇരുകാലുകളും പഴുത്ത് പുഴുവരിച്ച് കിടന്ന അറുപതുകാരിയായ വൃദ്ധയെ എലവഞ്ചേരി പഞ്ചായത്ത് അധികൃതർ, ആരോഗ്യ വകുപ്പ് ജീവനക്കാർ, യുവാക്കൾ എന്നിവർ ചേർന്ന് സാഹസികമായി ഒന്നര കിലോമീറ്റർ സ്ട്രക്ചറിൽ ചുമന്ന് ആംബുലൻസിൽ കയറ്റി ആലത്തൂർ ആശുപത്രിയിലെത്തിച്ചു.
എലവഞ്ചേരി പോക്കാമട എൽദൊയുടെ ഭാര്യ അമ്മിണിയമ്മയെയാണ് നിർബന്ധിച്ച് ആശുപത്രിയിലെത്തിച്ചത്. കഴിഞ്ഞ പത്തുവർഷത്തോളമായി അമ്മിണി പ്രമേഹരോഗം മൂലം രണ്ടു കാലുകളിൽ മുറിവുമായി കഴിയുകയാണ്.
പാലിയേറ്റീവ് കെയർ ജീവനക്കാർ പലപ്പോഴും വീട്ടിലെത്തിയാൽ ദന്പതിമാർ ചികിത്സയ്ക്ക് സഹകരിക്കാറില്ലത്രെ. അമ്മിണി അമ്മയുടെ ആരോഗ്യനില ഗുരുതരമായ വിവരം അറിഞ്ഞ് എലവഞ്ചേരി പഞ്ചായത്ത് പ്രസിഡന്റ് കെ. മണികണ്ഠന്റെ നേതൃത്വത്തിൽ ഒരു സംഘം ആംബുലൻസുമായി പുറപ്പെട്ടു. ഗതാഗത സൗകര്യമില്ലാത്തതിനാൽ സ്ട്രക്ചറുമായി സംഘം ഒന്നര കിലോമീറ്റർ അകലെയുള്ള പോക്കാമടയിലെത്തി അമ്മിണിയമ്മയെ എടുക്കാൻ ശ്രമിച്ചു. എന്നാൽ ഇതിന് സഹകരിക്കാതെ വൃദ്ധ എതിർപ്പു പ്രകടിപ്പിച്ചു. ഉടൻ ആരോഗ്യ പ്രവർത്തകർ ജില്ലാ മെഡിക്കൽ ഓഫീസറെ വിവരം അറിയിച്ചു.
മെഡിക്കൽ ഓഫീസറുടെ നിർദേശ പ്രകാരം നിർബന്ധിച്ച് സ്ട്രക്ചറിൽ കിടത്തി യുവാക്കൾ സാഹസികമായാണ് ആംബുലൻസിൽ എത്തിച്ചത്. എൽദോയുടെ കൈവശം ഉണ്ടായിരുന്ന വെള്ള റേഷൻ കാർഡിൽ അമ്മിണിയമ്മയുടെ പേർ ഉണ്ടായിരുന്നില്ല. ഉദാരമതികൾ സ്വരൂപിച്ച പതിനായിരം രൂപയും എൽദോയെ ഏൽപ്പിച്ചു.
ആന ഉൾപ്പെടെ വന്യമൃഗസഞ്ചാരമുള്ള പോക്കാൻമടയിൽ നാലുകുടുംബങ്ങൾ ഉണ്ടായിരുന്നതിൽ മൂന്നു കുടുംബങ്ങളും എലവഞ്ചേരിയിലക്ക് മാറി താമസിച്ചു. കഴിഞ്ഞ പത്തു വർഷമായി ഒറ്റപ്പെട്ട് ആണ് ഇരുവരും ഇവിടെ ജീവിച്ചിരുന്നത്.