പാലക്കുഴി താണിചുവട്ടിൽ പൈനാപ്പിൾ കൃഷി തടഞ്ഞ സംഭവത്തിൽ കിഫയുടെ പ്രതിഷേധം
1301553
Saturday, June 10, 2023 12:44 AM IST
വടക്കഞ്ചേരി: കിഴക്കഞ്ചേരി പഞ്ചായത്തിൽ പത്താം വാർഡ് പാലക്കുഴി താണിചുവട്ടിൽ കൃഷി ഭൂമിയിൽ ആനയിറങ്ങുമെന്ന് പറഞ്ഞ് പൈനാപ്പിൾ കൃഷി തടസപ്പെടുത്തിയ രാഷ്ട്രീയ പക പോക്കൽ പ്രവണതയെ കിഫ പ്രതിഷേധിച്ചു.
വന്യ മൃഗങ്ങൾ വരുമെന്ന് പറഞ്ഞ് കൃഷി ചെയാൻ പാടില്ല എന്ന നിലപാട് തീർത്തും പ്രതിഷേധാർഹമാണ്. ഭൂമിയിൽ എന്ത് കൃഷി ചെയണമെന്ന് തീരുമാനിക്കുന്നത് കർഷകരാണ്. അല്ലാതെ വനം വകുപ്പോ രാഷ്ട്രീയക്കാരോ ഉദ്യോഗസ്ഥരോ അല്ല. കർഷകന്റെ നിലപാടിനെ അംഗീകരിച്ച കോടതി ഉത്തരവിനെ കിഫ സ്വാഗതം ചെയ്തു.
പ്രതിഷേധ കൂട്ടായ്മയിൽ അഡ്വ. ഷിജിൻ ജോസഫ്, ചാർളി മാത്യു, ബെന്നി വെന്പിയിൽ, എബി കണച്ചിപരുത, രാമൻകുട്ടി, ജോഷി തുടങ്ങിയവർ പങ്കെടുത്തു. ഒന്നരമാസം മുന്പാണ് പാലക്കുഴി റോഡിൽ താണിചുവട്ടിൽ പൈനാപ്പിൾ കൃഷി നടത്തുന്നത് ഒരു വിഭാഗം ആളുകൾ തടസപ്പെടുത്തി കൊടി നാട്ടിയിരുന്നത്.
കാടിനടുത്ത് പൈനാപ്പിൾ കൃഷി ചെയ്താൽ മണം പിടിച്ച് ആന വരും എന്ന് പറഞ്ഞായിരുന്നു കൃഷി തടസപ്പെടുത്തിയത്. എന്നാൽ ഇതിനെതിരെ കൃഷി നടത്തുന്നവർ കോടതിയെ സമീപിച്ച് കൃഷി തടസപ്പെടുത്താൻ പാടില്ല എന്ന വിധി സന്പാദിക്കുകയായിരുന്നു.