കോത്തഗിരി കാതറിൻ വെള്ളച്ചാട്ടം സന്ദർശനത്തിന് നിയന്ത്രണം വരും
1301548
Saturday, June 10, 2023 12:42 AM IST
കോയന്പത്തൂർ: കോത്തഗിരിക്ക് സമീപം കുഞ്ഞപ്പനായി പഞ്ചായത്തിന് കീഴിലുള്ള പ്രദേശത്തുള്ള കാതറിൻ വെള്ളച്ചാട്ടം സന്ദർശിക്കാനെത്തുന്നവർക്ക് നിയന്ത്രണം ഏർപ്പെടുത്താനൊരുങ്ങി വനംവകുപ്പ്.
വനംവകുപ്പിന്റെ നിയന്ത്രണത്തിലാണ് കാതറിൻ വെള്ളച്ചാട്ടം പ്രവർത്തിക്കുന്നത്. ദിവസവും നിരവധി സഞ്ചാരികളാണ് ഈ വെള്ളച്ചാട്ടം സന്ദർശിക്കുന്നത്.
സഞ്ചാരികൾക്ക് വെള്ളച്ചാട്ടത്തിന്റെ ദൃശ്യഭംഗി കാണാൻ മാത്രമാണ് അനുവാദമുള്ളത്. ചിലർ നിബിഡ വനത്തിലൂടെ സ്വകാര്യ തേയിലത്തോട്ടത്തിലൂടെ വെള്ളച്ചാട്ട മേഖലയിലേക്ക് കടക്കുന്നതു പതിവാണ്.
അപകടാവസ്ഥ മനസിലാക്കാതെ കുളിക്കുകയും ചെയ്യുന്നു. ചില വിനോദസഞ്ചാരികൾ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളിലും ഏർപ്പെടുന്നു.
നിരവധി പേർ ഈ പ്രദേശത്ത് മരിച്ചിട്ടുണ്ട്. കൂടാതെ വന്യജീവികൾ ധാരാളമുണ്ട്.
വിനോദസഞ്ചാരികൾ പെട്ടെന്ന് അപകടത്തിൽപ്പെടാൻ സാധ്യതയുള്ളതിനാലാണ് നിയന്ത്രണം ഏർപ്പെടുത്താൻ ഒരുങ്ങുന്നത്.