കാലവർഷം സജീവമാകുന്നു, ഒപ്പം മോഷ്ടാക്കളും ജാഗ്രത നിർദേശവുമായി പോലീസ്
1301227
Friday, June 9, 2023 12:32 AM IST
ഒറ്റപ്പാലം : കേരളത്തിൽ കാലാവസ്ഥ മാറുകയും വർഷക്കാലം ആരംഭിക്കുകയും ചെയ്യുന്നതോടെ അതിർത്തി കടന്ന് തിരുട്ട് വീരൻമാർ എത്തുന്ന സാഹചര്യം മുൻനിർത്തിയാണ് പോലീസും ജാഗ്രതാ നിർദേശം പുറപ്പെടുവിക്കുന്നത്.
മഴക്കാലത്തിന്റെ സാഹചര്യം മുതലെടുത്ത് പൂട്ടിക്കിടക്കുന്ന വീടുകളും സ്ഥാപനങ്ങളും ലക്ഷ്യമിട്ടുള്ള മോഷണത്തിന് സാധ്യത കൂടുതലാണെന്നാണ് മുന്നറിയിപ്പ്. ഇത്തരം തിരുട്ട് സംഘങ്ങൾ ജില്ലയിലെത്തിയതായാണ് സൂചന. തമിഴ്നാട്ടിൽ നിന്നു വ്യാജ നന്പർ പ്ലേറ്റുള്ള വാഹനത്തിൽ എത്തിയാണു ഇത്തരക്കാരുടെ മോഷണമെന്നാണ് വിവരം. മോഷ്ടാക്കൾ എത്തുന്നതു തമിഴ്നാട്ടിൽ നിന്നാണെന്നും സ്ഥിരീകരിച്ചിട്ടുണ്ട്.
ഇവർ സഞ്ചരിക്കുന്ന വാഹനത്തിന്റെ നന്പറുകൾ വ്യാജമെന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. വിവിധ സ്ഥലങ്ങളിലെ നിരീക്ഷണ ക്യാമറ ദൃശ്യങ്ങളിൽ നിന്നുള്ള സൂചനകളുടെ അടിസ്ഥാനത്തിൽ പോലീസ് അന്വേഷണം നടത്തുന്നുണ്ട്. പകൽ സമയത്തെത്തി നിരീക്ഷണം നടത്തി രാത്രിയാണു ഇവരുടെ മോഷണം. വീട് അടച്ചുപൂട്ടി പോകുന്നവർ മുൻകരുതൽ സ്വീകരിക്കണമെന്നും നിർദേശമുണ്ട്. മഴക്കാലത്ത് ആൾപ്പാർപ്പുള്ള വീടുകളിലും മോഷണം നടത്താൻ സംഘങ്ങൾ ശ്രമം നടത്താനും സാധ്യത കൂടുതലാണ്. ഇതിന് കനത്ത മഴ അനുഗ്രവുമാണ്.
രാത്രികാലങ്ങളിൽ പോലീസ് റോന്ത് ചുറ്റൽ ശക്തമാക്കണമെന്നും, സംശയകരമായ സാഹചര്യത്തിൽ കാണുന്നവരെ കസ്റ്റഡിയിൽ എടുക്കണമെന്നും ആവശ്യമുയർന്നിട്ടുണ്ട്.
അതേസമയം രണ്ട് ദിവസത്തിനകം കാലവർഷം സജീവമാകുമെന്നും ശക്തമായ മഴ ആരംഭിക്കും എന്നുമാണ് കാലാവസ്ഥ കേന്ദ്രങ്ങൾ നല്കുന്ന വിവരം.