ഒറ്റപ്പാലം: വിദ്യാർഥികളുടെ സുരക്ഷ മുൻനിർത്തി വാഹനങ്ങളിൽ കർശന പരിശോധന തുടങ്ങി. സ്കൂൾ വാഹനങ്ങൾ കർശന പരിശോധനയ്ക്ക് വിധേയമാക്കാനാണ് റോഡ് ട്രാൻസ്പോർട്ട് അഥോറിറ്റിയുടെ തീരുമാനം. ഇതിന്റെ ഭാഗമായി ഫിറ്റ്നസ് ലഭിക്കാതെ നിരത്തിലിറങ്ങുന്ന സ്കൂൾ വാഹനങ്ങൾക്കെതിരേ നടപടികൾ ആരംഭിച്ചതായി ആർടിഒ അധികൃതർ അറിയിച്ചു.
കൃത്യമായ രേഖകളില്ലാതെ സഞ്ചരിച്ച സ്കൂൾവാഹനത്തിന് കഴിഞ്ഞദിവസം മോട്ടോർവാഹനവകുപ്പിന്റെ നടപടി നേരിടേണ്ടി വന്നിരുന്നു. നികുതിയടയ്ക്കാതെയും ഫിറ്റ്നസ് ഇല്ലാതെയും പെർമിറ്റില്ലാതെയും സഞ്ചരിച്ചതിനാണ് നടപടി. ഇതിന്റെ പേരിൽ വാഹന ഉടമയായ പത്തിരിപ്പാല സ്വദേശി പ്രസാദിനോട് 15,000 രൂപ പിഴയടയ്ക്കാനാണ് നിർദേശം നൽകിയത്.ഒറ്റപ്പാലം പട്ടണത്തിലെ സ്കൂളിലേക്ക് വിദ്യാർഥികളുമായെത്തിയപ്പോഴാണ് ഒറ്റപ്പാലം സബ് ആർടി ഓഫീസ് അധികൃതർ പിടികൂടിയത്. 25 വിദ്യാർഥികളെ കയറ്റിയായിരുന്നു യാത്ര. അനധികൃതമായി സർവീസ് നടത്തുന്നെന്ന രഹസ്യവിവരത്തെത്തുടർന്ന് എഎംവിഐ എസ്. രാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധന. സ്കൂളുകളിലെ നോഡൽ ഓഫീസർമാർ സ്കൂൾ ബസുകൾക്കുപുറമേ, വിദ്യാർഥികളെത്തുന്ന മറ്റുവാഹനങ്ങളുടെ കാര്യത്തിലും ശ്രദ്ധവെക്കണമെന്ന് ആർടിഒ അധികൃതർ ആവശ്യപ്പെട്ടു. പല വാഹനങ്ങളും കൃത്യമായ രേഖകൾ ഇല്ലാതെ ഇത്തരത്തിൽ സർവീസ് നടത്തുന്നുണ്ട്. ഇത് തടയാനാണ് ആർടിഒ അധികൃതരുടെ തീരുമാനം. വിദ്യാർഥികളുടെ ജീവൻ പണയം വച്ചുള്ള ഇത്തരം നടപടികൾ കർശനമായി തടയാനാണ് തീരുമാനം.