കാറ്റ്: അട്ടപ്പാടിയിൽ വൈദ്യുതി വിതരണം മുടങ്ങി
1300946
Thursday, June 8, 2023 12:26 AM IST
അഗളി: കാലവർഷത്തിനു മുന്നോടിയായി വീശിയടിച്ച കാറ്റിൽ അട്ടപ്പാടിയിൽ ഇലക്ട്രിക് ലൈൻ പൊട്ടിവീണും വൻ മരങ്ങൾ കടപുഴകി വീണും വൈദ്യുതി വിതരണം മുടങ്ങി. ചിറ്റൂർ, കട്ടേക്കാട്, പെട്ടിക്കൽ, പാക്കുളം, ദുണ്ടൂർ എന്നിവിടങ്ങളിൽ എൽടി ലൈനുകൾ പൊട്ടി ഇലക്ട്രിക്ക് പോസ്റ്റുകൾ ഒടിഞ്ഞു. കള്ളമല രാജഗിരി പള്ളിക്ക് സമീപം വൻമരം കടപുഴകി വീണു ഇലക്ട്രിക് ലൈൻ പൊട്ടുകയും പോസ്റ്റ് ഒടിഞ്ഞുവീഴുകയും ചെയ്തു.
സംഭവത്തെ തുടർന്ന് മണിക്കൂറുകളോളം റോഡ് ഗതാഗതം നിലച്ചു. നാട്ടുകാർ സ്ഥലത്തെത്തി മരം വെട്ടിനീക്കി ഗതാഗതം പുനസ്ഥാപിക്കുകയായിരുന്നു. കെഎസ്ഇബി ക്ക് ഇവിടെ 30000 രൂപയുടെ നഷ്ടം പ്രതീക്ഷിക്കുന്നതായി അധികൃതർ അറിയിച്ചു. രാജഗിരി ഭാഗത്ത് ഇന്നലെ രാത്രി വൈകിയും വൈദ്യുതി വിതരണം പുനസ്ഥാപിച്ചിട്ടില്ല.