വ്യാജ സ്വർണാഭരണം പണയപ്പെടുത്തി പണംതട്ടൽ ആസൂത്രിതമെന്ന് പോലീസ്
1298757
Wednesday, May 31, 2023 4:13 AM IST
മണ്ണാർക്കാട്: വ്യാജ സ്വർണാഭരണം പണയപ്പെടുത്തി പണംതട്ടൽ ആസൂത്രിതമെന്ന് പോലീസ്.
ഇക്കഴിഞ്ഞ ദിവസം രാത്രി അലനല്ലൂരിലെ സർവീസ് സഹകരണ ബാങ്കിൽ നടന്ന തട്ടിപ്പു ശ്രമത്തിൽ പ്രതിയെ പിടിച്ച് മണിക്കൂറുകൾക്കു ശേഷം വ്യാജ സ്വർണം നൽകിയയാളേയും പോലീസ് പിടികൂടിയിരുന്നു. നേരത്തേ മണ്ണാർക്കാട്ടും പരിസരങ്ങളിലുമുള്ള വിവിധ ധനകാര്യ സ്ഥാപനങ്ങളെയാണ് മാഫിയ ആശ്രയിച്ചിരുന്നത്.
മുക്കുപണ്ടത്തിന്റെ ഉറവിടം കോട്ടോപ്പാടം പഞ്ചായത്തിലെ കണ്ടമംഗലം കേന്ദ്രീകരിച്ചാണെന്നും വിശ്വസനീയ കേന്ദ്രങ്ങളിൽ നിന്നറിവായിട്ടുണ്ട്. സ്വർണം പൂശിയതാണോയെന്ന് ഒറ്റനോട്ടത്തിലോ പ്രാഥമിക പരിശോധനയിലോ തിരിച്ചറിയാനാകാത്ത കയർപിരി ചെയിൻ, പാദസരം തുടങ്ങിയ ആഭരണങ്ങളാണ് പണയത്തിനായി ഉപയോഗിക്കുന്നത്. മാത്രവുമല്ല, ബാങ്ക് പ്രവർത്തനത്തിന്റെ അവസാന മണിക്കൂറിലാണ് ഇക്കൂട്ടർ കാര്യസാധ്യത്തിനായി ബാങ്കിലെത്തുക.
ആശുപത്രി ആവശ്യവുമായി പണ്ടപ്പണയത്തിനെത്തുന്നതും ഇവരുടെ തന്ത്രമാണ്. ഇക്കഴിഞ്ഞ ആറുമാസത്തിനകം മണ്ണാർക്കാട്ടും പരിസരങ്ങളിലുമായി പത്തിലധികം സംഭവങ്ങളാണ് പുറത്തറിഞ്ഞതും കേസില്ലാതെ പോയതും. അലനല്ലൂരിൽ തന്നെ മറ്റുള്ള സഹകരണ ബാങ്കുകളിലും മുക്കുപണ്ട പണയ ഇടപാടിന് ശ്രമങ്ങളുണ്ടായി.
മാനുഷികകാരണത്താൽ പോലീസ് കേസാക്കാതതിനാൽ നാട്ടുകാരാരും അറിഞ്ഞിരുന്നില്ല.
ഒരുലക്ഷം രൂപക്ക് പണയം വയ്ക്കുന്പോൾ കൂലിയോ കമ്മീഷനോ ആയി പണയം വച്ചയാൾക്ക് കേവലം 5000 മുതൽ 8000 രൂപ മാത്രമാണ് നൽകുക. ബാക്കി തുക മുഴുവൻ ആഭരണം തരപ്പെടുത്തി തന്നയാൾക്ക് നൽകണം. ബാങ്കിൽ അവധി തെറ്റുന്പോൾ കത്തു വരുന്നത് പണയം വച്ചയാൾക്കാകും.
യഥാർഥത്തിൽ പണം കൈപ്പറ്റിയയാൾ, മറ്റൊരു ആഭരണവുമായി മറ്റൊരു ആളെ പണയംവയ്ക്കുന്നതിന് കണ്ടെത്തി ആരുമറിയാരെ പ്രശ്നം ഒതുക്കി തീർക്കുന്നവരുമുണ്ട്. പണയാഭരണം തിരിച്ചെടുക്കാതെ ലേലത്തിനെത്തുന്പോൾ കുടുങ്ങുന്ന സംഭവവും ഉണ്ടായിട്ടുണ്ട്.