ധീരവിന് പുതു സൈക്കിൾ സമ്മാനിച്ച് കാരുണ്യസ്പർശം റിലീഫ് സെൽ
1298750
Wednesday, May 31, 2023 4:09 AM IST
പുതുനഗരം: കുളത്ത്മേട് മായൻവീട്ടിൽ പ്രദീപിന്റെ മകൻ ആറുവയസുകാരന്റ കാരുണ്യമനസിനെ അനുമോദിച്ച് പുതിയ സൈക്കിളുമായി സേവന കൂട്ടായ്മ സംഘത്തിന്റെ കൈതാങ്ങ്. നൊച്ചിയോട് കൊശക്കട നാരായണന്റെ മകൻ ആദിത്യൻ (15)ന് വൃക്കമാറ്റൽ ശസ്ത്രക്രിയ ധനസഹായ ത്തിനായി യുവാക്കൾ പ്രദീപിന്റെ വീട്ടിൽ ഇക്കഴിഞ്ഞ ദിവസം എത്തിയിരുന്നു. ഈ സമയം വീട്ടുമുറ്റത്തു സൈക്കിൾ ഓടിച്ചു കളിക്കുകയായിരുന്നു ധീരവിന്റെ ചെവിയിലും ധനസഹായ അഭ്യർത്ഥന എത്തി.
പിന്നെ കൂടുതലൊന്നും ചിന്തിക്കാതെ ധീരവ് അച്ഛനോട് താൻ ഉപയോഗിക്കുന്ന സൈക്കിൾ സഹായമായി കൊടുക്കാൻ സന്നദ്ധ പ്രകടിപ്പിച്ചു . ഇതുകേട്ട യുവാക്കൾ ധീരവിനോട് സ്നേഹപ്രകടത്തിൽ സൈക്കിൾ ഉപയോഗിച്ചോളു എന്ന് അറിയിച്ചു.
എന്നാൽ ധീരവ് സൈക്കിൾ നല്കുമെന്ന ഉറച്ച നിലപാടിൽ പിതാവിന്റെ സാന്നിധ്യത്തിൽ സൈക്കിൾ നിറഞ്ഞ മനസ്സോടെ യുവാക്കൾക്ക് നിർബന്ധിച്ചു നല്കുകയും ചെയ്തു.
ആറുവയസുകാരന്റെ മനസിലെ ജീവകാരുണ്യ പ്രവണത പ്രദേശത്ത് കാട്ടുതീ പോലെ പരന്നു.
പലരും ധീരവിനെ വീട്ടിലെത്തി അനുമോദനം അറിയിച്ചു. പുതുനഗരത്ത് ദീർഘകാലമായ ജീവകാരുണ്യ പ്രവർത്തനം നടത്തുന്ന കാരുണ്യസ്പർശം റിലീഫ് സെൽ അംഗങ്ങൾ ധീരവിന്റെ സൈക്കിൾ സഹായ വിവരം മനസ്സിലാക്കി.
പിന്നീട് റിലീഫ് സെൽ അംഗങ്ങൾ ഒരു പുതിയ സൈക്കിൾ വാങ്ങി ധീരവിനു വീട്ടിലെത്തി കൈമാറി. ധീരവ് കുളത്ത് മേട്ട് കാർക്കും പുതുനഗരം നിവാസികൾക്ക് ഇഷ്ട ബാലതാരമായിരിക്കുയാണ്.