നവീകരിച്ച റോഡ് ദിവസങ്ങൾക്കകം തകർന്നു
1282504
Thursday, March 30, 2023 1:09 AM IST
നെന്മാറ: റോഡു പണി പൂർത്തീകരിച്ച് 20 ദിവസങ്ങൾക്കകം റോഡ് തകർന്നതായി പരാതി. നെന്മാറ പഞ്ചായത്തിലെ വക്കാവ് റോഡാണ് നിർമാണം പൂർത്തിയായി ദിവസങ്ങൾക്കകം തകർന്നത്.
മുഖ്യമന്ത്രിയുടെ തദ്ദേശ റോഡ് പുനരുദ്ധാരണ പദ്ധതി പ്രകാരം 60 ലക്ഷം രൂപ ചിലവഴിച്ചാണ് റോഡ് പുതുക്കി പണിതത്. സിപിഎം അധീനതയിലുള്ള ആലത്തൂർ ലേബർ കോണ്ട്രാക്ട് സഹകരണ സംഘമാണ് പണി പൂർത്തിയാക്കിയത്.
നിർമാണം പൂർത്തിയായി 2 ദിവസത്തിനു ശേഷം ഈ പ്രവർത്തിയിൽ നടന്ന നിർമാണ അപാകത ബന്ധപ്പെട്ടവരെ വാർഡ് അംഗം എസ്.അമീർജാനും നാട്ടുകാരും അറിയിച്ചെങ്കിലും പരിഹാരം ഉണ്ടായില്ലെന്നും പരാതി പറയുന്നു.
2020ൽ കരാർ നല്കിയ പ്രവർത്തിക്ക് കരാർ അടങ്കലിൽ പറഞ്ഞതിനപ്പുറം പ്രവൃത്തികൾ പ്രദേശവാസികളുടെ ആവശ്യപ്രകാരം അധികൃതർ നടത്തിയെന്നും അനുവദിച്ച ടാറും വസ്തുക്കളും ഉപയോഗിച്ച് അധിക ദൂരം പണി നടത്തിച്ചതിനാലുമാണ് പ്രശ്നമുണ്ടായതെന്നും പറയപ്പെടുന്നു. പഞ്ചായത്ത് എൻജിനീയറിംഗ് വിഭാഗം പരാതിയെ തുടർന്ന് കഴിഞ്ഞ ദിവസം സ്ഥലം സന്ദർശിച്ചു. ഈ പ്രവർത്തിയിൽ അഴിമതി നടന്നിട്ടുണ്ടെന്നും വിജിലൻസ് അന്വേഷണം ആവശ്യപ്പെടുമെന്നും പ്രദേശവാസികൾ പറയുന്നു.