ഗ്രാമങ്ങളിൽ നാടൻകോഴി വളർത്തലിനു പ്രിയമേറുന്നു
1281474
Monday, March 27, 2023 1:00 AM IST
ചിറ്റൂർ: ഗ്രാമങ്ങളിൽ നാടൻകോഴി വളർത്തൽ തിരിച്ചുവരുന്നു. ഏകദേശം 30 വർഷം മുൻപ് വരെ കോഴിവളർത്തൽ ഇല്ലാത്ത വീടുകൾ വിരളമായേ ഉണ്ടായിരുന്നുള്ളൂ. വീട്ടിൽ അതിഥികളെത്തിയാൽ സൽക്കരിക്കുന്നതിനു ഇഷ്ട ഭക്ഷണ വിഭവം നാടൻ കോഴി തന്നെ.
നിലവിലുള്ള ബ്രോയിലർ കോഴികളെക്കാൾ വളർത്തു കോഴിമാംസത്തിനു രുചി കൂടുതലാണ്. വീട്ടിൽ നാടൻകോഴി കറിവെച്ചാൽ അയൽവാസികൾക്ക് കാറ്റിലെത്തുന്ന മണത്തിലൂടെ തന്നെ കണ്ടു പിടിക്കാനാവുമായിരുന്നു. ബ്രോയിലർ കോഴികളുടെ രംഗപ്രവേശത്തോടെ ഗ്രാമീണ വീടുകളിൽ കോഴിവളർത്തൽ ശൈലി നിലച്ചു. ബ്രോയിലർ കോഴികൾ ഭക്ഷിക്കുന്നത് ആരോഗ്യത്തിനു ദോഷകരമാവുന്നതായി പ്രചാരം ഉണ്ടായതാണ് വീണ്ടും നാടൻ കോഴി വളർത്തലിനു പ്രേരണയായിരിക്കുന്നത്. മാത്രമല്ല നാടൻ കോഴികൾക്ക് വിപണിയിൽ കിലോയ്ക്ക് 300 മുതൽ 350 വരെ വില കുതിച്ചുയർന്നതും കോഴിവളർത്തലിനു പ്രേരകമായി. ചുവപ്പ്, വെള്ള, കറുപ്പ്,ചാരനിറത്തിലുള്ള കോഴിക്കൂട്ടങ്ങൾ വീടുകൾക്ക് ചുറ്റും തീറ്റ തേടി നടക്കുന്നത് കൗതുക കാഴ്ചയുമാണ്.