സ്വകാര്യ കെട്ടിടത്തിലെ മലിനജലം നിരത്തിലൂടെ ഒഴുകുന്നതായി പരാതി
1280433
Friday, March 24, 2023 12:34 AM IST
ഷൊർണൂർ : വാണിയംകുളം നഗരത്തിൽ ബഹുനില കെട്ടിടത്തിൽ നിന്നുള്ള മലിനജലം നിരത്തിലൂടെ ഒഴുകുന്നു. പഞ്ചായത്ത് ഓഫീസിന്റെ വിളിപ്പാടകലെ, വാണിയംകുളം-കയിലിയാട് റോഡ് കവലയിലുള്ള സ്വകാര്യ കെട്ടിടത്തിൽനിന്നാണു മാലിന്യം പ്രധാന റോഡിൽ ഒഴുകിപ്പരക്കുന്നത്. താഴത്തെ നിലകളിൽ വ്യാപാര വാണിജ്യ സ്ഥാപനങ്ങൾ പ്രവർത്തിക്കുന്ന കെട്ടിടത്തിന്റെ മുകളിലെ നിലകളിൽ ഒട്ടേറെ താമസക്കാരുമുണ്ട്.
വാടകയ്ക്കു താമസിക്കുന്നവരുടേത് ഉൾപ്പെടെയുള്ള ശുചിമുറികളിൽ നിന്നും മറ്റും വരുന്ന മലിനജലമാണു കേടായ കുഴലുകളിലൂടെ ചോർന്നു റോഡിലെത്തുന്നത്.
നിരത്തിലൂടെ വാഹനങ്ങൾ കടന്നു പോകുന്പോൾ വഴിയാത്രക്കാരുടെ ദേഹത്തേക്കു മലിനജലം തെറിക്കുന്നതായും ആക്ഷേപമുണ്ട്. സമീപത്തെ പെട്രോൾ പന്പിലേക്കും മറ്റു വ്യാപാര സ്ഥാപനങ്ങൾക്കു മുന്നിലുമെല്ലാം മലിനജലം ഒഴുകിയെത്തുന്നു.
ഇതിനു മുൻപും ഇതേ കെട്ടിടത്തിൽനിന്നു മലിനജലം പുറത്തേക്കൊഴുകുന്നതു സംബന്ധിച്ച് പരാതിയുണ്ടായിരുന്നു. പെട്രോൾ പന്പിലേക്കു മലിനജലം ഒഴുകിയെത്തുന്നതു സംബന്ധിച്ച് ഇന്ത്യൻ ഓയിൽ കോർപറേഷനാണ് അഞ്ച് വർഷം മുൻപ് പഞ്ചായത്തിനു പരാതി നല്കിയിരുന്നത്.
എന്നിട്ടും ശാശ്വതമായ പരിഹാരം ഉണ്ടായില്ലെന്നാണ് ആക്ഷേപം. മാലിന്യ കുഴലുകളിലൂടെ ചോർന്നു ഭിത്തിയിലൂടെ മലിനജലം ഒലിച്ചിറങ്ങുന്നതു കെട്ടിടത്തിനു ബലക്ഷയമുണ്ടാക്കുമെന്ന ആശങ്കയും പരിസരവാസികൾ പങ്കുവയ്ക്കുന്നു.