വാഹന പാർക്കിംഗ് നിരോധിക്കണം
1262357
Thursday, January 26, 2023 12:37 AM IST
ഒറ്റപ്പാലം: താലൂക്കാശുപത്രിക്ക് മുന്പിൽ നടക്കുന്ന അനധികൃത വാഹന പാർക്കിംഗ് നിരോധിക്കണമെന്നാവശ്യം. വാഹനപാർക്കിങ്ങിന് സ്ഥലമില്ലാത്ത സാഹചര്യം മൂലമാണ് ആശുപത്രിക്ക് മുന്നിൽ വാഹനങ്ങൾ പാർക്ക് ചെയ്യുന്നത്.
ഇതുമൂലം ആശുപത്രിക്ക് മുൻവശത്ത് ഭൂരിഭാഗം സമയങ്ങളിലും വലിയ തിരക്കാണ് അനുഭവപ്പെടുന്നത്. ആശുപത്രിക്കകത്ത് പാർക്കിംഗ് താത്കാലികമായി നിർത്തിയതുമൂലം കവാടപരിസരത്ത് വാഹനങ്ങൾ നിർത്തിയിടുന്നതാണ് കാരണം.
ഇതിനാൽ അത്യാഹിത വിഭാഗത്തിലേക്കെത്തുന്ന വാഹനങ്ങൾക്കുപോലും വേഗത്തിൽ ആശുപത്രിയിലേക്ക് എത്താനാവാത്ത സ്ഥിതിയാണ്. കവാടം കടന്ന് പഴയ അർബുദചികിത്സാകേന്ദ്രത്തിന് പിറകിലായിരുന്നു ആശുപത്രിയിലെ ഇരുചക്രവാഹനത്തിന്റെ പാർക്കിംഗ്.
മാസ്റ്റർ പ്ലാൻ നടപ്പാക്കുന്നതിന്റെ ഭാഗമായി ആശുപത്രിയിൽ പുതിയ കെട്ടിടനിർമാണം നടക്കുന്നുണ്ട്. അർബുദ ചികിത്സാകേന്ദ്രത്തിന്റെ കെട്ടിടം പൊളിച്ചാണ് പുതിയ കെട്ടിടം പണിയുന്നത്. ഇതിനായുള്ള പണി നടക്കുന്നതിനാലാണ് പാർക്കിംഗ് താത്കാലികമായി ഒഴിവാക്കിയത്.
ജീവനക്കാരുടെ വാഹനങ്ങളും അത്യാഹിതവിഭാഗത്തിലേക്കുള്ള വാഹനങ്ങളും മാത്രമാണ് ഇപ്പോൾ കടത്തിവിടുന്നത്.
രോഗികളെ ഇറക്കിയശേഷം വാഹനങ്ങളെ പുറത്തേക്ക് വിടുകയാണ്. മറ്റൊരിടത്ത് സൗകര്യമൊരുക്കാതെ പാർക്കിംഗ് നിർത്തിയതാണ് പ്രശ്നമായത്. ഒ.പി. സമയത്താണ് തിരക്ക് ഏറെയും.
ഇതോടെ കവാടത്തിന് മുൻപിലും ബസ് സ്റ്റോപ്പിന് മുൻപിലുമുൾപ്പെടെ ഇരുചക്രവാഹനങ്ങളുടെ നീണ്ട നിരയായി.
ഇത് ചെർപ്പുളശേരി-ഒറ്റപ്പാലം റോഡിൽ പോലും തിരക്കുണ്ടാക്കുന്നു. കെട്ടിടം പൊളിച്ചുകഴിഞ്ഞെങ്കിലും പുതിയ കെട്ടിടത്തിന്റെ പണി പൂർത്തിയാകാൻ സമയമേറെയെടുക്കും.
ഇത്രയും കാലം പാർക്കിംഗ് റോഡരികിലാകുമെന്നത് അത്യാഹിതവിഭാഗത്തിലേക്കെത്തുന്ന രോഗികൾക്കും മറ്റും ബുദ്ധിമുട്ടുണ്ടാക്കും.