നടക്കാവ് റെയിൽവേ മേൽപ്പാലം പണി ഒച്ചിഴയുംപോലെ
1262042
Wednesday, January 25, 2023 12:41 AM IST
മലന്പുഴ: അകത്തേത്തറ നടക്കാവ് മേൽപാലം പണി ഒച്ചിനെപ്പോലെ ഇഴയുന്നതായി ജനങ്ങൾക്ക് പരാതി. ഒട്ടേറെ പ്രതിഷേധങ്ങളും സമരങ്ങളും ശക്തമാക്കിയതിനെ തുടർന്നാണ് മേൽപ്പാലം പണി ആരംഭിച്ചത് എന്നാൽ 2023 മാർച്ചിനകം പണി പൂർത്തിയാക്കി സഞ്ചാരയോഗ്യമാക്കുമെന്ന് പറഞ്ഞിരുന്നു എങ്കിലും ഇപ്പോൾ പണി എങ്ങും എത്തിയിട്ടില്ല. വീണ്ടും ചില കാരണങ്ങളാൽ അനിശ്ചിതത്വത്തിലേക്ക് നീങ്ങുകയാണെന്നാണ് പറയുന്നത്.
മേൽ പാലത്തിൽ റെയിൽവേ നടത്തേണ്ട നിർമാണ പ്രവൃത്തികൾക്കായി രണ്ടാമതും ടെൻഡർ ക്ഷണി ച്ചു. ആദ്യ ടെൻഡർ ഏറ്റെടുക്കാൻ കരാറുകാർ ഇല്ലാതിരുന്നതിനെ തുടർന്നാണു രണ്ടാമതും ക്ഷണിച്ചത്. നടപടികൾ ഒരു മാസത്തി നുള്ളിൽ പൂർത്തിയാക്കുമെന്ന് അധികൃതർ അറിയിച്ചു. ഇതിനു ശേഷം നിർമാണ പ്രവൃത്തികൾ തുടങ്ങും. റോഡ്സ് ആൻഡ് ബ്രിഡ്ജസ് ഡവലപ്മെന്റ് കോർപറേഷനാണു പാലത്തിന്റെ (ആർബിഡിസി) നിർമാണ ചുമതല.
50 ശതമാനം പ്രവൃത്തികൾ പൂർത്തിയാക്കിയതായും റെയിൽവേ നടത്തണ്ട പ്രവൃത്തികൾ പൂർത്തിയാക്കിയാലേ ബാക്കിയുള്ളതു തുടങ്ങാനാകൂവെന്നും ആർബിഡിസി അധികൃതർ അറിയിച്ചു. ഇതിനായി 11.63 കോടി രൂപ റെയിൽവേ വച്ചിട്ടുണ്ട്. പാലത്തിനു മുകളിലൂടെ മൂന്ന് തൂണുകളും അപ്രോച്ച് റോഡുമാണു റെയിൽവേ നിർമിക്കേണ്ടത്. പാലത്തിന്റെ 16 തൂണുകളിൽ എട്ടെണ്ണം ആർബിഡിസി പൂർത്തിയാക്കി.
പാലത്തിനുള്ള 3 തൂണുകൾ റെയിൽവേ നിർമിച്ചാൽ ബാക്കിയുള്ള തൂണുകളുടെ നിർമാണം ഉടൻ തുടങ്ങുമെന്ന് അധികൃതർ അറിയിച്ചു. പൈലിങ് പ്രവൃത്തികളും പുരോഗമിക്കുന്നു.
അതേ സമയം നിർമാണ പ്രവൃത്തികൾ തുടങ്ങാൻ റെയിൽവേ വൈകിപ്പിക്കുകയാണെന്നു മേൽപാലം ജനകീയ സമിതി ആരോപിച്ചു.
പ്രവൃത്തികൾ എന്നു തുടങ്ങുമെന്നതു സംബന്ധിച്ചു നൽകിയ വിവരാവകാശ അപേക്ഷയിൽ കൃത്യമായി മറുപടി ലഭിച്ചില്ലെന്നും സമിതി കണ്‍വീനർ വിപിൻ ശേക്കുറി ആരോപിച്ചു.