നെറ്റ്വർക്ക് ഇല്ലാതെ വലഞ്ഞ് റേഷൻ ഉപഭോക്താക്കളും വ്യാപാരികളും
1243354
Saturday, November 26, 2022 12:28 AM IST
അഗളി : റേഷൻ കടകളിൽ നെറ്റ് വർക്ക് ലഭിക്കാത്തതിനാൽ മിഷനിൽ വിരൽ പതിപ്പിക്കാനാകാതെ ഉപഭോക്താക്കളും കടയുടമയും വലയുന്നു.
അട്ടപ്പാടി പോത്തുപ്പാടിയിലുള്ള എആർഡി 129 റേഷൻകടയിലെത്തിയ കാർഡ് ഉടകളാണ് ഇത്തരത്തിൽ കുടുങ്ങിയത്.
കട്ടേക്കാട്, പോത്തുപ്പാടി, കുച്ചിമേട്,തുടങ്ങി ആറോളം ആദിവാസി ഉൗരുകളും കുടിയേറ്റ കർഷകരും ഈ റേഷൻ കടയുടെ പരിധിയിലുണ്ട്. ഒന്നും രണ്ടും അതിലധികവും ദിവസത്തെ കാത്തിരിപ്പിനൊടുവിലാണ് പലർക്കും റേഷൻ വാങ്ങാനാകുന്നതെന്ന് ഉപഭോക്താക്കൾ പറഞ്ഞു.
മലമുകളിൽ നിന്നും ഉൾ പ്രദേശങ്ങളിൽ നിന്നും കിലോമീറ്ററുകൾ താണ്ടിയെത്തുന്നവർ റേഷൻ വാങ്ങാനാകാതെ മടങ്ങുന്ന കാഴ്ച ദയനീയമാണ്.
കാട്ടാനയും മറ്റുവന്യമൃഗ ശല്യവുമുള്ള വിജന പ്രദേശം കടന്നുവേണം റേഷൻ കടയിലെത്താൻ പട്ടാ പകലും കാട്ടാന പ്രത്യക്ഷപ്പെടുന്ന പ്രദേശമാണിത്. നെറ്റ്വർക്ക് കുറവായതിനാൽ രാത്രിയും ജോലി ചെയ്യേണ്ട സ്ഥിതിയിലാണെന്ന് കടയുടമ ബാബു പോൾ പറഞ്ഞു.
അട്ടപ്പാടിയിൽ വേറെയും റേഷൻ കടകൾ മേൽപറഞ്ഞ ദുരിതം നേരിടുന്നവയാണ്. സർവറിന്റ ശേഷി വർധിപ്പിക്കുകയാണ് ഇതിന് പരിഹാരമെന്നാണ് അറിയുന്നത്. ശാശ്വത പരിഹാരമുണ്ടക്കാഞ്ഞാൽ ദുരന്തങ്ങൾക്കു വഴി തെളിക്കുമെന്ന് നാട്ടുകാർ മുന്നറിയിപ്പ് നല്കി.