അക്രമിയായ കാട്ടാനയെ കാടുകയറ്റണം : നിവേദനം നല്കി പ്രദേശവാസികൾ
1225097
Tuesday, September 27, 2022 12:10 AM IST
കോട്ടോപ്പാടം : തിരുവിഴാംകുന്ന് അന്പലപ്പാറയിൽ വിലസുന്ന അക്രമിയായ കാട്ടാനയെ കാടുകയറ്റണമെന്ന് ആവശ്യപ്പെട്ട് അന്പലപ്പാറ കർഷക സംരക്ഷണ സമിതി സൈലന്റ് വാലി വൈൽഡ് ലൈഫ് വാർഡന് നിവേദനം നല്കി.
കഴിഞ്ഞ ബുധനാഴ്ച്ചയാണ് എറാടൻ സിദ്ധിഖിനെ അന്പലപ്പാറയിൽ കാട്ടാന അക്രമിച്ചത്. ഈ ആന ഇപ്പോഴും അന്പലപ്പാറയിൽ വിലസുകയാണ്. ടാപ്പിംഗ് തൊഴിലാളികൾ ടാപ്പിംഗിന് പോകാൻ ഭയപ്പെടുകയാണ്.
രാവിലെ മദ്രസയിലേക്ക് പോകുന്ന വിദ്യാർത്ഥികൾക്കും ഭയമാണ്. ഇക്കാര്യം വനംവകുപ്പിനെ അറിയിച്ചെങ്കിലും നടപടിയുണ്ടായില്ലെന്ന് നിവേദനത്തിൽ പറയുന്നു. കാട്ടാന ആക്രമിച്ച സിദ്ധിഖിന് സാന്പത്തിക സഹായം നല്കുന്നതിനുള്ള നടപടിയുണ്ടാവണമെന്നും സമിതി ആവശ്യപ്പെട്ടു. കഴിഞ്ഞ ദിവസം കാട്ടുപന്നി ടാപ്പിംഗ് തൊഴിലാളിയെ അക്രമിക്കുന്ന സംഭവവുമുണ്ടായി.
ഇത്തരത്തിൽ വന്യമൃഗശല്യം രൂക്ഷമാണ് ഈ മേഖലയിൽ.
ഇതിന് ശ്വാശത പരിഹാരം വേണമെന്ന് സമിതി ആവശ്യപ്പെട്ടു. ആനകൾ നാട്ടിലിറങ്ങാതിരിക്കാൻ ഹാങ്ങിംഗ് ഫെൻസിംഗ് നടപ്പാക്കണമെന്നും കർഷക സംരക്ഷണ സമിതി ആവശ്യപ്പെട്ടു. ഭാരവാഹികളായ സി.പി. ഷിഹാബുദ്ധീൻ, ജോയി പരിയാത്ത്, സി.ഉസ്മാൻ, ഷൗക്കത്ത് കോട്ടയിൽ എന്നിവരാണ് വാർഡന് നിവേദനം നല്കിയത്.