ദന്പതികളെ ആക്രമിച്ച് ബന്ദികളാക്കി കവർച്ച: കാർ കേന്ദ്രീകരിച്ച് അന്വേഷണം
1224505
Sunday, September 25, 2022 12:43 AM IST
വടക്കഞ്ചേരി: ദേശീയപാത ചുവട്ടുപാടത്ത് ദന്പതികളെ ബന്ദികളാക്കി 25 പവൻ സ്വർണാഭരണങ്ങളും 10,000 രൂപയും കവർന്ന കേസിൽ കവർച്ചാസംഘം എത്തിയ കാർ കേന്ദ്രീകരിച്ച് അന്വേഷണം പുരോഗമിക്കുന്നു.
കെ എൽ 11 എന്ന നന്പറിലുള്ള ചാര കളർ ഹോണ്ട സിറ്റി കാറാണ് സംഭവസമയം വീടിനടുത്ത് കണ്ടതായി സി സി ടി വി ദൃശ്യങ്ങളിലുള്ളത്. ഇതിനാൽ കോഴിക്കോട്, മലപ്പുറം ജില്ലകളിലാണ് അന്വേഷണസംഘമുള്ളത്. ചെറുസംഘങ്ങളായി മറ്റു പല ഭാഗത്തും അന്വേഷണം നടന്നു വരികയാണെന്ന് പോലീസ് പറഞ്ഞു.
തമിഴ്നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. കാർ മോഷ്ടിച്ചതാകാൻ സാധ്യതയുള്ളതിനാൽ വിവിധ പോലീസ് സ്റ്റേഷനുകളിൽ ബന്ധപ്പെട്ടും അന്വേഷണമുണ്ട്. കാർ നന്പറും സ്ഥിരീകരിക്കണം. ഇതും വ്യാജമാകാം. വ്യാഴാഴ്ച രാത്രി ഒന്പത് മണിയോടെയാണ് പുതിയേടത്ത് സാം പി. ജോണിന്റെ വീട്ടിൽ കവർച്ച നടന്നത്.
ആലത്തൂർ ഡി വൈ എസ് പി ആർ. അശോകൻ, വടക്കഞ്ചേരി സിഐ ആദംഖാൻ, എസ്ഐ സുധീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്പി, ഡിവൈഎസ്പി, സിഐ എന്നിവരുടെ കുറ്റാന്വേഷണ വിഭാഗങ്ങളിൽ വിദഗ്ധരെ ഉൾപ്പെടുത്തിയുള്ള പ്രത്യേക അന്വേഷണ സംഘമാണ് കേസ് അന്വേഷണം നടത്തുന്നത്.