കോടാലി - മോനൊടി റോഡില്‍ കുഴികള്‍ നിറഞ്ഞു
1467820
Saturday, November 9, 2024 7:51 AM IST
കോടാലി: മറ്റത്തൂര്‍ പഞ്ചായത്തിലെ കോടാലി - മൊനൊടി റോഡില്‍ കുണ്ടും കുഴികളും നിറഞ്ഞത് ഇതുവഴിയുള്ള യാത്ര ദുഃസഹമാക്കുന്നു. റോഡ് ശോച്യാവസ്ഥയിലായിട്ട് നാളേറെയായിട്ടും അധികൃതര്‍ തിരിഞ്ഞുനോക്കുന്നില്ലെന്നാണ് നാട്ടുകാരുടെ പരാതി.
മലയോര ഗ്രാമങ്ങളായ മോനൊടി, കടമ്പോട്, മാങ്കുറ്റിപ്പാടം, മുട്ടത്തുകുളങ്ങര, കുട്ടിച്ചിറ എന്നിവിടങ്ങളിലെ ജനങ്ങളെ പുറംലോകവുമായി ബന്ധിപ്പിക്കുന്നതാണ് കോടാലി - മോനൊടി റോഡ്. നേരത്തെ ജില്ലാപഞ്ചായത്ത് ഏറ്റെടുത്ത് വികസിപ്പിച്ച മൂന്നുമുറി - ഒമ്പതുങ്ങല്‍ - കമലക്കട്ടി റോഡിന്റെ ഭാഗമാണിത്. മാങ്കുറ്റിപ്പാടം ശാന്തിനഗര്‍, കടമ്പോട് കാട്ടുങ്ങല്പടി എന്നിവിടങ്ങളിലാണ് റോഡുതകര്‍ന്ന് വലിയ കുഴികള്‍ രൂപപ്പെട്ടിട്ടുള്ളത്. ഈ കുഴികളില്‍പെട്ട് ഇരുചക്രവാഹനയാത്രക്കാര്‍ക്ക് പരിക്കേല്‍ക്കുന്നത് പതിവുസംഭവമാണെന്ന് നാട്ടുകാര്‍ പറയുന്നു. മഴവെള്ളം ഒഴുകിപോകാതെ കെട്ടിക്കിടക്കുന്നതാണ് റോഡ് തകരാന്‍ ഇടയാക്കിയിട്ടുള്ളത്.
പതിവായി റോഡില്‍ കുഴികള്‍ രൂപപ്പെടുന്ന ഭാഗങ്ങളില്‍ റോഡ് ഉയര്‍ത്തി ടൈല്വിരിക്കുകയും വശങ്ങളിലെ കാനകള്‍ പുനരുദ്ധരിച്ച് വെള്ളം ഒഴുകിപോകാനുള്ള സംവിധാനമേര്‍പ്പെടുത്തുകയും ചെയ്താല്‍ യാത്രാദുരിതം പരിഹരിക്കപ്പെടുമെന്നാണ് നാട്ടുകാര്‍ ചൂണ്ടിക്കാണിക്കുന്നത്. കടമ്പോട് കാട്ടുങ്ങല്പടി ഭാഗത്ത് റോഡിന്റെ ശോച്യാവസ്ഥ പരിഹരിക്കാനായി അഞ്ചുലക്ഷം രൂപ പഞ്ചായത്ത് വകയിരുത്തിയെങ്കിലും പണി നടന്നിട്ടില്ല. അഞ്ചുവര്‍ഷംമുമ്പ് കോടാലി - മോനൊടി റോഡിന്റെ നവീകരണത്തിനായി 25 ലക്ഷം രൂപ അനുവദിച്ചതായി ഫ്ലക്സ് ബോര്‍ഡ് അറിയിപ്പുകള് വന്നെങ്കിലും ഒന്നുംനടന്നില്ല. ജനങ്ങളുടെ യാത്രാദുരിതം കണക്കിലെടുത്ത് റോഡ് സഞ്ചാരയോഗ്യമാക്കാന്‍ നടപടി ഉണ്ടാകണമെന്നാണ് ആവശ്യമുയരുന്നത്.