സമ്പൂർണ അതിദാരിദ്ര്യരഹിത പഞ്ചായത്തായി മതിലകം
1478538
Tuesday, November 12, 2024 7:27 AM IST
മതിലകം: കയ്പമംഗലം മണ്ഡലത്തിലെ ആദ്യ സമ്പൂർണ അതിദാരിദ്ര്യരഹിത പഞ്ചായത്തായി മതിലകം ഗ്രാമപഞ്ചായത്ത്.
ആരോഗ്യം, ഭക്ഷണം, വരുമാനം, പാർപ്പിടം എന്നീ ഘടകങ്ങളെ അടിസ്ഥാനമാക്കി നടത്തിയ സർവേയിലൂടെ ഗ്രാമപഞ്ചായത്തില്‍ 32 അതിദരിദ്ര കുടുംബങ്ങളുണ്ടെന്ന് കണ്ടെത്തിയിരുന്നു. മൈക്രോപ്ലാൻ തയാറാക്കിയതോടെ ഇത് 28 കുടുംബങ്ങളായി. ഭക്ഷണത്തിന്റെ അഭാവമുണ്ടായിരുന്ന അഞ്ച് കുടുംബങ്ങളിലും ഭക്ഷണമെത്തിക്കുന്നുണ്ട്. ആരോഗ്യംസംരക്ഷിക്കാനാകാതിരുന്ന കുടുംബങ്ങളിൽ ആരോഗ്യ സംരക്ഷണം ഉറപ്പാക്കി.
വരുമാനമില്ലാതിരുന്ന കുടുംബങ്ങളിൽ കുടുംബശ്രീ ഉജ്ജീവനംപോലുള്ള പദ്ധതികള്‍വഴി സ്വയംസംരംഭങ്ങളിലൂടെയും മറ്റും വരുമാനവും ലഭ്യമാക്കി. എട്ടു കുടുംബങ്ങൾക്കാണ് താമസസൗകര്യമില്ലാതിരുന്നത്. ഇതിൽ നാല് കുടുംബങ്ങൾക്ക് താമസ സൗകര്യം ലഭ്യമാക്കി. ലൈഫ് പദ്ധതിയിലൂടെയും പുനര്‍ഗേഹം പദ്ധതിയിലൂടെയും വീടും സ്ഥലവും ലഭ്യമാക്കിയും താമസയോഗ്യമല്ലാത്ത വീടുകൾ അറ്റകുറ്റപ്പണി നടത്തിയുമാണ് പ്രധാനമായും താമസസൗകര്യം ഉറപ്പാക്കിയത്.
വര്‍ഷങ്ങളായി കൂളിമുട്ടം പൊക്ലായില്‍ ടെന്റ് കെട്ടി താമസിച്ചിരുന്ന അഞ്ച് നാടോടികുടുംബങ്ങള്ക്ക് വീട് നിര്‍മിക്കുന്നതിന് ഭൂമി ലഭ്യമാക്കുന്നതിനുള്ള നടപടി സ്വീകരിച്ചു. ഭൂമി രജിസ്ട്രേഷന് നടപടികള്‍ പുരോഗമിക്കുകയാണ്.