യാത്രക്കാരുടെ ശ്രദ്ധയ്ക്ക് ; പാതയോരത്ത് സുരക്ഷിതത്വമില്ല
1477847
Sunday, November 10, 2024 3:26 AM IST
പെരിഞ്ഞനം: പാതയോരത്ത് അപകടസാധ്യത കണ്ടിട്ടും അധികൃതർ അവഗണിക്കുന്നതായി ആക്ഷേപം. സ്വകാര്യ ബസുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾ സഞ്ചരിക്കുന്ന, പ്രധാനപ്പെട്ട യാത്രാമാർഗമായ പെരിഞ്ഞനം പൊന്മാനിക്കുടം റോഡിലാണ് വാഹനയാത്രികർക്കും കാൽനടയാത്രക്കാർക്കും ഒരുപോലെ അപകട ഭീഷണിയായി സംരക്ഷണഭിത്തിയില്ലാത്തത്.
ഇരുചക്ര വാഹന യാത്രക്കാരിയും സൈക്കിളിൽ പോകുകയായിരുന്ന വിദ്യാർഥിയും ഇവിടെ അപകടത്തിൽപ്പെട്ടിട്ടുണ്ട്. വലിയ വാഹനങ്ങൾ വരുമ്പോൾ കാൽനടയാത്രക്കാർക്ക് ഒതുങ്ങിനിൽക്കാനും ഈ ഭാഗത്ത് വലിയ ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. പ്രധാൻമന്ത്രി ഗ്രാമീൺസഡക് യോജന പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് റോഡ് റീ ടാറിംഗ് ചെയ്ത് നവീകരിച്ചിരുന്നത്.
പെരിഞ്ഞനം സാമൂഹികാരോഗ്യകേന്ദ്രം, രാമൻ മെമ്മോറിയൽ വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂൾ, ഹൈസ്കൂൾ ഉൾപ്പെടെയുള്ളവ പ്രവർത്തിക്കുന്നത് പൊന്മാനിക്കുടം വടക്കുഭാഗത്തുള്ള കുറ്റിലക്കടവ് പ്രദേശത്താണ്.
അതുകൊണ്ടുതന്നെ വിദ്യാർഥികൾ ഉൾപ്പെടെ നിരവധിപേരാണ് ഈ മാർഗം പ്രയോജനപ്പെടുത്തുന്നത്. റോഡിന് ഉയരംകൂടുമ്പോൾ അതിനനുസൃതമായി അരികുകൾ ഉയർത്തി സംരക്ഷണഭിത്തി കെട്ടാത്തതാണ് ഈ പ്രശ്നത്തിന് കാരണം.
ഈസ്റ്റ് ടിപ്പുസുൽത്താൻ റോഡിൽ പെരിഞ്ഞനം പൊന്മാനിക്കുടം പള്ളിയുടെ മുമ്പിൽ റോഡിന് സംരക്ഷണഭിത്തി നിർമിച്ച് അപകടസാധ്യത ഇല്ലാതാക്കാൻ ബന്ധപ്പെട്ട അധികൃതരോട് നാട്ടുകാർ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇതേവരെ നടപടി ആയിട്ടില്ല. മഴ പെയ്യുമ്പോൾ റോഡരിക് ചെളിയാവുന്നത് അപകടസാധ്യത വർധിപ്പിക്കുന്നുണ്ട്. ഇതൊന്നും കണ്ടില്ലെന്ന് നടിക്കാതെ ജനകീയപ്രശ്നത്തിൽ ഇടപെട്ട് പരിഹാരം കാണണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു.