ലൂർദ് കത്തീഡ്രൽ പള്ളി തിരുനാൾ: ഇന്നു കിരീടം എഴുന്നള്ളിപ്പ്
1477976
Sunday, November 10, 2024 6:36 AM IST
തൃശൂർ: ലൂർദ് കത്തീഡ്രലിലെ പരിശുദ്ധ അമലോത്ഭവമാതാവിന്റെ 138-ാം തിരുനാളിനോടനുബന്ധിച്ചുള്ള കിരീടം എഴുന്നള്ളിപ്പ് ഇന്നു നടക്കും. താളമേളവാദ്യലയങ്ങളാൽ മുഖരിതമായ പള്ളിയങ്കണത്തിൽ ഇന്നലെ നടന്ന ആഘോഷങ്ങളിലും തിരുക്കർമങ്ങളിലും പങ്കെടുക്കാൻ ആയിരങ്ങൾ ഒഴുകിയെത്തി.
രാവിലെ നടന്ന ദിവ്യബലിക്കും നേർച്ചവിതരണത്തിനും അതിരൂപത വികാരി ജനറാൾ മോണ്‍. ജോസ് കോനിക്കരയും വൈകീട്ട് നടന്ന ജപമാല, പാട്ടുകുർബാന എന്നിവയ്ക്കു ഫാ. പോൾ തേയ്ക്കാനത്തും കാർമികരായി. തുടർന്നു രാത്രിയോടെ 38 കുടുംബകൂട്ടായ്മകളിൽനിന്നുള്ള അന്പ് എഴുന്നള്ളിപ്പും നടന്നു.
തിരുനാൾദിനമായ ഇന്നു രാവിലെ 10. 30നു നടക്കുന്ന പൊന്തിഫിക്കൽ കുർബാനയ്ക്കു സീറോ മലബാർ സഭ മേജർ ആർക്കി എപ്പിസ്കോപ്പൽ കൂരിയ മെത്രാൻ മാർ സെബാസ്റ്റ്യൻ വാണിയപ്പുരയ്ക്കൽ മുഖ്യകാർമികത്വം വഹിക്കും. വൈകീട്ട് 4. 30 നു പുത്തൻപള്ളിയിലേക്കു ജപമാലപ്രദക്ഷിണം. തിരികെ രാത്രി ഏഴിനു കത്തീഡ്രലിൽ സമാപിക്കും. ഇതോടൊപ്പം വൈകീട്ട് 6.30 ന് അമലോത്ഭവമാതാവിന്റെ കിരീടം എഴുന്നള്ളിപ്പ് പുത്തൻപള്ളിയിൽനിന്ന് ആരംഭിച്ച് 10.30 ന് കത്തീഡ്രലിൽ എത്തിച്ചേരും.
നാളെ രാവിലെ 7. 30 നു മരിച്ചവർക്കുള്ള ദിവ്യബലി, രാത്രി 7.30 നു വാദ്യമേളവും ഒന്പതിനു ജീവകാരുണ്യഫണ്ട് വിതരണവും 9.30 നു വർണമഴയും നടക്കും.
തിരുനാളിന്റെ വിജയത്തിനായി ലൂർദ് കത്തീഡ്രൽ വികരി ഫാ. ഡേവീസ് പുലിക്കോട്ടിൽ, അസിസ്റ്റന്റ് വികാരിമാരായ ഫാ. അനു ചാലിൽ, ഫാ. ജിജോ എടക്കളത്തൂർ, മാനേജിംഗ് ട്രസ്റ്റി ജോജു മഞ്ഞില, കൈക്കാരന്മാരായ തോമസ് കോനിക്കര, ലൂയി കണ്ണാത്ത്, ജോസ് ചിറ്റാട്ടുകര എന്നിവരുടെ നേതൃത്വത്തിലുള്ള വിവിധ കമ്മിറ്റികൾ പ്രവർത്തിച്ചുവരുന്നു.