മറ്റത്തൂര്‍ ഗ്രാമീണ ശുദ്ധജലവിതരണപദ്ധതി; പമ്പ്ഹൗസ് നവീകരണം പൂര്‍ത്തിയാകുന്നു
1478535
Tuesday, November 12, 2024 7:27 AM IST
കോടാലി: ജല്‍ജീവന്‍ പദ്ധതിയിലുള്‍പ്പെടുത്തി അനുവദിച്ച ഫണ്ട് ഉപയോഗപ്പെടുത്തി മറ്റത്തൂര്‍ ഗ്രാമീണ കുടിവെള്ളപദ്ധതിയുടെ നവീകരണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നു.
വേനല്‍ക്കാലത്തിനു മുമ്പേ പണികള്‍ പൂര്‍ത്തീകരിച്ച് കുറ്റമറ്റരീതിയില്‍ ജനങ്ങള്‍ക്ക് കുടിവെള്ളമെത്തിച്ചുനല്കാനാണ് അധികൃതരുടെ ശ്രമം. പമ്പുഹൗസിന്റെ പുതിയ കെട്ടിട നിര്‍മാണം പൂര്‍ത്തിയായി. ഇതിനോടുചേര്‍ന്നുള്ള കിണറിനുമുകളില്‍ ഇരുമ്പുവല സ്ഥാപിച്ച് സുരക്ഷിതമാക്കുന്ന പ്രവൃത്തിയും പൂര്‍ത്തിയാക്കി. കിണറില്‍നിന്ന് പമ്പുചെയ്യുന്ന വെള്ളം ശുദ്ധീകരിച്ച് ജലസംഭരണിയിലെത്തിക്കുന്നതിനായുള്ള സംവിധാനവും പമ്പുഹൗസിനോടുചേര്ന്ന് ഒരുക്കിയിട്ടുണ്ട്.
ഇത് പ്രവര്‍ത്തനസജ്ജമാക്കിയിട്ടില്ല. പമ്പിംഗ് സ്റ്റേഷനു ചുറ്റുമതില്‍ നിര്‍മിക്കുന്ന പ്രവൃത്തിയും ഉപകരണങ്ങള്‍ പുതിയ പമ്പുഹൗസിലേക്ക് മാറ്റുന്ന പണികളുമാണ് ഇനി പൂര്‍ത്തിയാകാനുള്ളത്.
പമ്പിംഗ് സ്റ്റേഷനും അനുബന്ധസൗകര്യങ്ങളും നവീകരിക്കപ്പെട്ടെങ്കിലും കടുത്തവേനലില്‍ കിണറിലെ ജലവിതാനം നിലനിര്‍ത്താനുള്ള സംവിധാനം ഇനിയും ആയിട്ടില്ല. വെള്ളിക്കുളം വലിയതോട്ടിലെ കോപ്ലിപ്പാടം തടയണയില്‍ സംഭരിക്കുന്ന വെള്ളത്തെ ആശ്രയിച്ചാണ് പമ്പ്ഹൗസിനോടു ചേര്‍ന്നുള്ള കിണറില്‍ ജലവിതാനം നിലനില്‍ക്കുന്നത്. സമീപത്തെ പാടങ്ങളില്‍ കൊയ്ത്തിനുവേണ്ടി തടയണയിലെ വെള്ളം താഴ്ത്തുമ്പോള്‍ പമ്പിംഗ് തടസപ്പെടുകയും ജലവിതരണം അവതാളത്തിലാവുകയും ചെയ്യുന്നത് പതിവാണ്.
നവീകരണ പ്രവര്‍ത്തനങ്ങള്‍ക്കൊപ്പം ഈ പ്രശ്നം പരിഹരിക്കുന്നതിനുള്ള നടപടികൂടി ഉണ്ടാകണമെന്നാണ് ജനങ്ങളുടെ ആവശ്യം.