ഉദ്യോഗസ്ഥ നിർമിത വെള്ളപ്പൊക്കം; നഷ്ടപരിഹാരം എവിടെ?
1478278
Monday, November 11, 2024 6:09 AM IST
സ്വന്തം ലേഖകൻ
തൃശൂർ: പീച്ചി ഡാം മാനേജ്മെന്റിലുണ്ടായ വീഴ്ചയെത്തുടർന്നുണ്ടായ വെള്ളപ്പൊക്കത്തിൽ വ്യാപാരികൾക്കും കൃഷിക്കാർക്കും കുടുംബങ്ങൾക്കുമുണ്ടായ കോടിക്കണക്കിനു രൂപയുടെ നഷ്ടത്തിനു നൂറുദിവസം കഴിഞ്ഞിട്ടും പരിഹാരമായില്ല. കളക്ടർ സമർപ്പിച്ച അന്വേഷണ റിപ്പോർട്ടിൽ സർക്കാർ അടയിരിപ്പ് തുടർന്നതോടെ തുടർനടപടികളും സ്തംഭിച്ചു.
കനത്ത മഴയുണ്ടാകുമെന്ന മുന്നറിയിപ്പുണ്ടായിട്ടും, മഴകനക്കുന്നതുവരെ കാത്തിരുന്ന് നാലു ഷട്ടറുകൾ 72 ഇഞ്ച് തുറന്നതാണ് പ്രളയത്തിനു സമാനമായ സാഹചര്യമുണ്ടാക്കിയത്. പാണഞ്ചേരി, പുത്തൂർ, നടത്തറ പഞ്ചായത്തുകളിലെ താഴ്ന്നപ്രദേശങ്ങളിൽ വെള്ളത്തിലായി. പീച്ചി ഡാം അണക്കെട്ട് മാനേജ്മെന്റിലെ പിഴവാണ് പ്രതിസന്ധിക്ക് ഇടയാക്കിയതെന്നാണ് ആരോപണം. മണലിപ്പുഴയിലെ ജലനിരപ്പ് ഉയർന്ന് കോർപറേഷനിലെ 12 ഡിവിഷനുകളിലും ആറു പഞ്ചായത്തുകളിലും കനത്തനാശമുണ്ടായി. പീച്ചി ഡാമിന്റെ ഷട്ടറുകൾ കൃത്യസമയത്ത് ഉയർത്താതെ വീഴ്ചവരുത്തിയ ഉദ്യോഗസ്ഥർക്കെതിരേ നടപടിയെടുക്കണമെന്നും വെള്ളം അശാസ്ത്രീയമായി തുറന്നുവിട്ടതിലൂടെ ജനങ്ങൾക്കുണ്ടായ കെടുതികൾക്കു നഷ്ടപരിഹാരം നൽകണമെന്നും ആവശ്യപ്പെട്ടു മുഖ്യമന്ത്രിക്കു പരാതിനൽകിയെങ്കിലും ഫലമില്ല.
ജൂലൈ 27ന് കേന്ദ്ര കാലാവസ്ഥാവകുപ്പ് കേരളത്തിൽ കനത്തമഴയുണ്ടാകുമെന്നു പ്രവചിച്ചിരുന്നു. പീച്ചി ഡാമിൽ 27ന് 77.78 മീറ്ററും 28ന് 77.89 മീറ്ററും 29ന് 79.04 മീറ്ററും വെള്ളം നിറഞ്ഞു. കേന്ദ്ര സർക്കാരിന്റെ റൂൾകർവ് പ്രകാരം 77.10 മീറ്ററാണു നിശ്ചയിച്ചിരുന്നത്. 27നുതന്നെ ഷട്ടറുകൾതുറന്ന് വെള്ളംഒഴുക്കാമായിരുന്നു.
കണ്ണാറ, പീച്ചി, മൂർക്കനിക്കര, പുത്തൂർ, കൈനൂർ, നടത്തറ, മരോട്ടിച്ചാൽ, മാന്ദാമംഗലം, തൃശൂർ കോർപറേഷനിലെ ചെന്പൂക്കാവ്, കുണ്ടുവാറ, ഗാന്ധിനഗർ, മ്യൂസിയം ക്രോസ് ലെയിൻ, അയ്യന്തോൾ എന്നിവിടങ്ങളിലും മാടക്കത്തറ പഞ്ചായത്തിലെ വിവിധയിടങ്ങളിലും വെള്ളം കുതിച്ചുയർന്നു. നൂറു കണക്കിനു വീടുകൾ വെള്ളത്തിലായി. നിരവധി കർഷകരുടെ കൃഷിനശിച്ചു. കേന്ദ്രസർക്കാരിന്റെ റൂൾ കർവ് മാനദണ്ഡങ്ങൾ പാലിച്ച് ഡാമിലെ വെള്ളത്തിന്റെ അളവു ക്രമീകരിക്കുന്നതിലുണ്ടായ വീഴ്ചയാണു വൻനാശനഷ്ടത്തിന് ഇടയാക്കിയത്.
ശക്തമായ വെള്ളപ്പാച്ചിലിൽ വാട്ടർ അഥോറിറ്റിയുടെ പന്പിംഗ് ലൈൻ അടക്കം തകർന്നു. ഉച്ചകഴിഞ്ഞു മൂന്നോടെ 72 ഇഞ്ചാക്കി ഷട്ടറുകൾ ഉയർത്തിയതോടെ മണലിപ്പുഴയുടെ തീരപ്രദേശങ്ങൾ വെള്ളത്തിനടിയിലായി. കണ്ണാറ പാലത്തിനു മുകളിലൂടെയും വെള്ളം കുതിച്ചൊഴുകി. രാത്രി കൂടുതൽ മഴപെയ്യാൻ സാധ്യതയുണ്ടെന്നു ചൂണ്ടിക്കാട്ടിയാണ് പകൽ ഷട്ടറുകൾ കൂടുതൽ ഉയർത്തിയത്. വേണ്ടത്ര മുൻകരുതൽ എടുക്കാൻകഴിയാതെ അഞ്ഞൂറോളം വീടുകളെങ്കിലും വെള്ളത്തിലായി. പീച്ചി, കണ്ണാറ, പുത്തൂർ മേഖലകൾ തകർന്നുതരിപ്പണമായി. ഇവിടങ്ങളിലെ താമസക്കാർ വ്യാപകമായി ഒഴിഞ്ഞുപോയി.
കെഎൽഡിസി കനാലിന്റെ പുല്ലഴിയിലുള്ള ബണ്ട് പൊട്ടിച്ചാൽ വെള്ളമൊഴിവാക്കാമെന്ന നിർദേശവും ഉദ്യോഗസ്ഥർ ചെവിക്കൊണ്ടില്ല. വെള്ളം കോൾപടവിലേക്ക് ഒഴുക്കിയിരുന്നെങ്കിൽ രണ്ടു മണിക്കൂറിൽ വെള്ളക്കെട്ട് ഒഴിയുമായിരുന്നു. പൊന്നാനിവരെയുള്ള 18,000 ഹെക്ടർ കോൾപടവിലേക്കു വെള്ളമൊഴുക്കിയാണ് 2020 ൽ വെള്ളക്കെട്ട് ഒഴിവാക്കിയത്.
അന്വേഷിച്ചു; നടപടിയില്ല
തൃശൂർ: പീച്ചി ഡാം തുറന്നതിൽ അശാസ്ത്രീയതയുണ്ടോയെന്ന് അന്വേഷിക്കാൻ കളക്ടർ അർജുൻ പാണ്ഡ്യൻ സബ് കളക്ടർ മുഹമ്മദ് ഷെഫീക്കിനെ ചുമതലപ്പെടുത്തിയിരുന്നു. ആകെ 43 കോടിയുടെ നഷ്ടമുണ്ടായെന്നു ചൂണ്ടിക്കാട്ടി റിപ്പോർട്ടും സമർപ്പിച്ചു. റൂൾകർവ് പാലിക്കാത്തതും ജലനിരപ്പ് സംബന്ധിച്ച വിവരങ്ങൾ യഥാസമയം ജില്ലാഭരണകൂടത്തെ അറിയിക്കാത്തതുമാണ് കാരണമെന്നാണു കണ്ടെത്തൽ. ഉദ്യോഗസ്ഥർക്കു വീഴ്ചയുണ്ടായെന്നു വ്യക്തമായിട്ടും സർക്കാർ നടപടിയെടുത്തിട്ടില്ല. കാലവർഷക്കെടുതിയിലാണു പ്രളയവും കൃഷിനാശവുമുണ്ടായതെന്നാണു സർക്കാരിന്റെ നിലപാട്. മനുഷ്യനിർമിതമാണു പ്രളയമെന്നു പറയുന്നത് സഹായംലഭിക്കാൻ വിഘാതമാകുമെന്നും സർക്കാർ വാദിക്കുന്നു.