ധന്വന്തരി മൂർത്തിയുടെ ഉയരംകൂടിയ പ്രതിമ അനാച്ഛാദനം ചെയ്തു
1478544
Tuesday, November 12, 2024 7:27 AM IST
എരുമപ്പെട്ടി: ഭാരതത്തിലെ ഏറ്റവും ഉയരംകൂടിയ ധന്വന്തരി മൂർത്തിയുടെ പ്രതിമ നെല്ലുവായ് ധന്വന്തരി ആയൂർവേദ ഭവനിൽ അനാച്ഛാദനം ചെയ്തു. എല്ലാ സംസ്ഥാ നങ്ങളിലേയും മണ്ണ് ഉപയോഗിച്ചുള്ള ഇന്ത്യയുടെ ഭൂപടവും ഇതോടൊപ്പം തയാറാക്കി. ആയുർവേദത്തിന്റെ ദേവനായ ധന്വന്തരീ മൂർത്തിയുടെ 24 അടി ഉയരമുള്ള പ്രതിമയുടെ അനാശ്ചാദനം ഇന്ത്യയിലെ പ്രമുഖരായ 24 ആചാര്യൻമാർ ചേർന്ന് നിർവഹിച്ചു. ഗംഗ, യമുന, ബ്രഹ്മപുത്ര, ഗോദാവരി, നർമ്മദ, സിന്ധു, ഭാരതപ്പുഴ തുടങ്ങിയ 24 പുണ്യനദികളിൽ നിന്നുമുള്ള ജലവും മൂന്ന് സമദ്രങ്ങളിൽ നിന്നുള്ള ജലവും ആയൂർവേദ ആചാര്യൻമാരും ഡോക്ടർമാരും പ്രതിമയിൽ അഭിഷേകം ചെയ്തു.
നെല്ലുവായ് പട്ടാമ്പി റോഡിൽ ധന്വന്തരി ആയൂർവേദ ഭവനിലെ ഔഷധ ഉദ്യാനത്തിലാണ് പ്രതിമ സ്ഥാപിച്ചിട്ടുള്ളത്. ഗുരുവായൂർ എളവള്ളി സ്വദേശി ബിജുവാണ് പ്രതിമയുടെ ശില്പി. ആറുമാസംകൊണ്ടാണു നിർമാണം പൂർത്തീകരിച്ചത്. നാല് കൈകളുള്ള ധന്വന്തരി പ്രതിമയാണ് നിർമിച്ചിരിക്കുന്നത്. ഇന്ത്യയുടെ ഐക്യവും അഖണ്ഡതയും ഊട്ടി ഉറപ്പിക്കുകയെന്നതാണ് ഇതിന്റെ ലക്ഷ്യമെന്ന് മാനേജിംഗ് ഡയറക്ടർ ഡോ. ശ്രീകൃഷ്ണൻ, ഡെപ്യൂട്ടി ചീഫ് ഫിസിഷൻ ഡോ. എസ്. ശ്രീനാഥ് എന്നിവർ അറിയിച്ചു.