സ്കൂൾ ഒളിമ്പിക്സ് സബ് ജൂണിയർ നീന്തൽ: ചെന്ത്രാപ്പിന്നി ഹയർസെക്കന്‍ഡറി സ്കൂളിന് ഓവറോൾ രണ്ടാംസ്ഥാനം
1477845
Sunday, November 10, 2024 3:26 AM IST
ചെന്ത്രാപ്പിന്നി: സംസ്ഥാന സ്കൂൾ ഒളിമ്പിക്സ് സബ് ജൂണിയർ വിഭാഗം നീന്തൽ ചാമ്പ്യൻഷിപ്പിൽ ചെന്ത്രാപ്പിന്നി ഹയർസെക്കന്‍ഡറി സ്കൂളിന് ഓവറോൾ രണ്ടാംസ്ഥാനം.
സ്കൂളിലെ ഏഴാംക്ലാസ് വിദ്യാർഥിനി വി.എൻ. നിവേദ്യ 100 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ മീറ്റ് റെക്കോർഡോടെ സ്വര്‍ണമെഡൽ നേടി. കൂടാതെ 50 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ സ്വർണമെഡലും 200 മീറ്റർ ബട്ടർഫ്ലൈ ഇനത്തിൽ വെങ്കല മെഡലും കരസ്ഥമാക്കി. ഏഴാംക്ലാസ് വിദ്യാർഥിനിയായ സി.എസ്. ദിയ 100 മീറ്റർ 200 മീറ്റർ ബ്രസ്റ്റ് സ്ട്രോക്കിൽ വെള്ളി മെഡൽ നേടിയപ്പോൾ എട്ടാം ക്ലാസ് വിദ്യാർഥിനിയായ പാർവതി നിധീഷ് 50 മീറ്റർ, 100 മീറ്റർ ഫ്രീ സ്റ്റൈൽ ഇനത്തിൽ വെങ്കല മെഡലും നേടി. ഈ മൂന്നുതാരങ്ങളും പങ്കെടുത്ത 400 മീറ്റർ മെഡ്ലെ റിലേയിൽ വെള്ളി മെഡലും നേടി.
സബ് ജൂണിയർ വിഭാഗത്തിൽ മത്സരിച്ച ഈ മൂന്ന് വിദ്യാർഥിനികളുടെയും മികച്ചപ്രകടനത്തോടെ 19 പോയിന്റുകൾനേടി സബ് ജൂണിയർ വിഭാഗത്തിൽ കേരളത്തിലെ മികച്ച രണ്ടാമത്തെ വിദ്യാലയമായി ചെന്ത്രാപ്പിന്നി ഹയർസെക്കന്‍ഡറി സ്കൂൾ തെരഞ്ഞെടുക്കപ്പെട്ടു. ഈ മാസം 21 മുതൽ ഗുജറാത്തിലെ രാജ്കോട്ടിൽ നടക്കുന്ന ദേശീയ സ്കൂൾ ഗെയിംസ് നീന്തൽ മത്സരത്തിൽ ഈ മൂന്ന് വിദ്യാർഥിനികളും കേരളത്തെ പ്രതിനിധീകരിച്ച് മത്സരിക്കും.
സ്കൂളിൽ സംഘടിപ്പിച്ച സ്വീകരണച്ചടങ്ങിൽ മൂന്ന് വിദ്യാർഥികളെയും പരിശീലകനായ ചെന്ത്രാപ്പിന്നി സാൻവി അക്കാദമിയിലെ ജീവൻ ടി. ജെയിംസ് എന്നിവരെയും ആദരിച്ചു. നാട്ടിക ഫർക്ക സഹകരണ റൂറൽ ബാങ്ക് പ്രസിഡന്റ് അഡ്വ.വി.കെ. ജോതിപ്രകാശ് ഉദ്ഘാടനംചെയ്തു. പിടിഎ പ്രസിഡന്റ് എ.വി. പ്രദീപ് ലാൽ അധ്യക്ഷതവഹിച്ചു.
പ്രധാനാധ്യാപകൻ കെ.എസ്. കിരൺ ആമുഖപ്രഭാഷണം നടത്തി. കായിക അധ്യാപകൻ ടി.എൻ. സിജിൽ, അഡ്മിനിസ്ട്രേറ്റർ കെ.എം. അനിൽ, പിടിഎ വൈസ് പ്രസിഡന്റ് പ്രീതി നിജേഷ്, പിടിഎ അംഗം സിന്ധു ഹേമൻ, അധ്യാപകരായ എം.വിപ്രദീപ്, കെ.എ.ബിന്ദു, മുഹമ്മദ് സുഹൈൽ, ശ്രുതി സുധാകരൻ, എം.എം. മിത, വി.എസ്. ഷൈനി, എം.എ. സെൽവ, കെ.എസ്. സിമി, പി.എ. ഹനീൻ, വി.എസ്. അദ്വൈത് തുടങ്ങിയവർ പ്രസംഗിച്ചു.